വാഷിങ്ടൺ: ഒമിക്രോൺ വ്യാപനത്തിനിടെ അമെരിക്കയിലെ ഇതുവരെയുള്ള കൊവിഡ് മരണം ഒമ്പതു ലക്ഷത്തിലെത്തി. എട്ടു ലക്ഷത്തിൽ നിന്ന് ഒമ്പതു ലക്ഷത്തിലെത്താൻ വേണ്ടിവന്നത് രണ്ടു മാസത്തിൽ താഴെ സമയം. യുഎസിൽ ഒമിക്രോൺ മരണങ്ങൾ കൂടുതലാണെന്ന ആശങ്ക നേരത്തേ തന്നെ പുറത്തുവന്നിരുന്നു.
മഹാമാരിയിൽ ഒമ്പതു ലക്ഷം പേർ മരിക്കുമെന്ന് രണ്ടു വർഷം മുൻപ് പറഞ്ഞിരുന്നെങ്കിൽ ആരും വിശ്വസിക്കുമായിരുന്നില്ല- ബ്രൗൺ യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ ഡീൻ ഡോ. ആശിഷ് കെ. ഝാ പറഞ്ഞു. മെഡിക്കൽ സയൻസിൽ ശരിയായ പ്രവർത്തനം കാഴ്ചവയ്ക്കാനായി. എന്നാൽ, സോഷ്യൽ സയൻസിൽ പരാജയപ്പെട്ടു. വാക്സിനേഷനിൽ ജനങ്ങളെ വേണ്ടത്ര ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. കുപ്രചാരണങ്ങളും രാഷ്ട്രീയവും നിറഞ്ഞു- ഝാ കൂട്ടിച്ചേർത്തു. ഏപ്രിലോടെ 10 ലക്ഷം മരണത്തിൽ യുഎസ് എത്തുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
ഏറെ ദുഃഖകരമായ നാഴികക്കല്ലിലാണ് കൊവിഡ് മരണസംഖ്യ എത്തിയിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു. വാക്സിനേഷനിൽ പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവർത്തിച്ച് അഭ്യർഥിക്കുകയും ചെയ്തു. അമെരിക്കയിലെ 64 ശതമാനം ജനങ്ങൾ മാത്രമാണ് സമ്പൂർണ വാക്സിനേഷൻ നടത്തിയിരിക്കുന്നത്. ഏകദേശം 212 ദശലക്ഷം പേർ. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർ 250 ദശലക്ഷം വരുമെന്നും 10 ലക്ഷം അമെരിക്കക്കാരുടെ ജീവനെങ്കിലും ഇതുമൂലം സംരക്ഷിക്കപ്പെട്ടെന്നും ബൈഡൻ.
കഴിഞ്ഞ രണ്ടാഴ്ചയായി യുഎസിൽ കേസുകളും മരണസംഖ്യയും കുറഞ്ഞുവരുന്നുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. എന്നാൽ, മരണസംഖ്യ ഇപ്പോഴും ദിവസം ശരാശരി 2,400ൽ ഏറെയാണ്. ഒമിക്രോൺ തരംഗം ഉടൻ അവസാനിക്കും. പക്ഷേ, പുതിയ വകഭേദം വന്നാൽ യുഎസ് വീണ്ടും അപകടത്തിലാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.
കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവുമധികം പേർ മരിച്ചത് യുഎസിലാണ്. രണ്ടാമതുള്ള ബ്രസീലിൽ ആറു ലക്ഷത്തിലേറെയാണ് മരണസംഖ്യ. മൂന്നാം സ്ഥാനത്ത് ഇന്ത്യ; അഞ്ചു ലക്ഷത്തിലേറെ മരണം.
gulf
SHARE THIS ARTICLE