Timely news thodupuzha

കടുത്ത വേനൽ ചൂട്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാ​ഗ്രതാ നിർദേശങ്ങൾ നൽകി ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

ഇടുക്കി: ജില്ലയിൽ കടുത്ത വേനൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനൽക്കാല മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രചാരണത്തിന് ഇറങ്ങുമ്പോൾ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക. നേരിട്ടുള്ള വെയിൽ ഏൽക്കുന്ന രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയം വീടുകൾ കയറിയുള്ള പ്രചാരണം പരമാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങൾക്കോ ഇൻഡോർ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാം. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും. വെയിലത്തിറങ്ങുമ്പോൾ കുട, വീതിയുള്ള തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഗ്രൂപ്പുകളായി പ്രചാരണം നടത്താൻ ശ്രദ്ധിക്കുക. പ്രചാരണത്തിനിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തി പോകരുത്. വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങളിൽ വൈകുന്നേരം 6 മണിക്ക് ശേഷവും പുലർച്ചെയും പ്രചാരണം ഒഴിവാക്കുക. പകൽ വെളിച്ചത്തിൽ മാത്രം വീടുകൾ സന്ദർശിക്കുക.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആംബുലൻസ്- 108, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഹെൽപ്പ്‌ലൈൻ: 1077 (ജില്ലാ അടിസ്ഥാനത്തിൽ), ദിശ (ആരോഗ്യ വകുപ്പ്): 1056 നമ്പറുകളിൽ ബന്ധപ്പെടണം.

Leave a Comment

Your email address will not be published. Required fields are marked *