Timely news thodupuzha

കോടനാട്ടെ ‘കുഞ്ഞാന’ യെ വിദഗ്ദ്ധചികിത്സയ്ക്കായി വന്‍താരയിലേക്ക് അയയ്ക്കുന്നു ; ദയാവധത്തിന് നിര്‍ദേശിച്ചതിനെ എയര്‍ലിഫ്റ്റ് ചെയ്ത് മൃഗപരിപാലനകേന്ദ്രത്തിലേക്ക് അയയ്ക്കും

എറണാകുളം: കോടനാട്ട് ആരോഗ്യം മോശമായ നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ ഗുജറാത്തിലെ വന്‍താരയില്‍ എത്തിച്ച്‌ ചികിത്സ നല്‍കും. പ്രത്യേകം ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് ആനയെ ഗുജറാത്തിലെ ജാം നഗറിലെ വന്‍താരയില്‍ എത്തിക്കുക. നേരത്തേ ആനക്കൂട്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും വനപാലകര്‍ രക്ഷപ്പെടുത്തി കോടനാട്ടേക്ക് കൊണ്ടുവരികയും ചെയ്ത ആനക്കുട്ടിയാണ് ഇത്. ചികിത്സിച്ച്‌ ഭേദമായാല്‍ തിരികെ കൊണ്ടുവരാനാണ് പദ്ധതി. എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാത്ത ആനക്കുട്ടിയെ പ്രത്യേക ക്രെയിന്‍ ഉപയോഗി ച്ചാണ് ലോറിയിലേക്ക് മാറ്റിയത്. പ്രത്യേകം ബെഡ് ഒരുക്കിയാണ് കുട്ടിയാനയെ കൊണ്ടുപോയത്. ജനിച്ച പിന്നാലെ തന്നെ ആനക്കൂട്ടം ഉപേക്ഷിച്ച്‌ ഒറ്റപ്പെട്ട നിലയിലായിരുന്ന ആനയെ വനപാലകര്‍ കണ്ടെത്തി കോടനാട്ടെ മൃഗപരിപാലനകേന്ദ്രമായ അഭയാരണ്യത്തിലേക്ക് കൊണ്ടുവരികയായിരുന്നു. 18 മാസം പ്രായമുള്ള കുഞ്ഞാണ്. ഒരിക്കല്‍ താഴെ വീഴുകയും പിന്നീട് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ ആകുകയും ചെയ്തിരുന്നു.വന്‍താരയിലെ വിദഗ്ധ ചികിത്സ കുട്ടിയാനയ്ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. വനംവകുപ്പിന്റെ പ്രത്യേക സംഘവും ആനയ്‌ക്കൊപ്പം വന്‍താരയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ജന്മനാ അസ്ഥിവൈകല്യം ഉണ്ടായിരുന്ന ആനക്കുട്ടി ഒരിക്കല്‍ വീണ് തോളിന് ഗുരുതരമായി പരിക്കേറ്റതോടെ് ആരോഗ്യനില വലിയ രീതിയില്‍ വഷളായതോടെയാണ് ചികിത്സ വേണ്ടി വന്നിരിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റി നേരത്തേ ദയാവധം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി വിദഗ്ദ്ധ ചികിത്സയ്ക്ക് വിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *