Timely news thodupuzha

റുമാറ്റോളജി രംഗത്തെ പുത്തൻ അറിവുകളുമായി റുമാകോൺ 2026 ഏപ്രിൽ 26 ന് തൊടുപുഴയിൽ

തൊടുപുഴ: റുമാറ്റോളജി ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്യുന്ന സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ ഏപ്രിൽ 26 ന് തൊടുപുഴയിൽ നടക്കും. കൃത്യത, പ്രായോഗികത, പുരോഗതി എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഡോ. വിനോദ് രവീന്ദ്രൻ, ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എൻ.വി.ജയചന്ദ്രൻ, സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, തൊടുപുഴ ഐഎംഎ പ്രസിഡൻ്റ് ഡോ. സോണി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

റുമാറ്റോളജി മേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാരും ആരോഗ്യവിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. രോഗനിർണ്ണയത്തിലെ കൃത്യത, ചികിത്സയിലെ പ്രായോഗികമായ വെല്ലുവിളികൾ, ഈ രംഗത്തുണ്ടായിട്ടുള്ള പുരോഗതി എന്നിവയെക്കുറിച്ച് സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി സെക്രട്ടറി ഡോ. ഡാന്റിസ് ഇമ്മാനുവേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റുമാറ്റോളജി ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും വിദഗ്ധർക്കും അറിവ് പങ്കുവെക്കാനും പുതിയ ചികിത്സാ രീതികളെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള മികച്ച അവസരമായിരിക്കും ഈ സമ്മേളനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ തലത്തിൽ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി 26ന് രാവിലെ വാക്കത്തോൺ നടത്തും. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ റുമറ്റോളജി, ഫിസിഷ്യൻ, ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിലെ 150-ഓളം ഡോക്ടർമാർ വാക്കത്തോണിൽ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *