കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽകൂടി കടന്നുപോകുന്ന വാഴെക്കവല- കുണിഞ്ഞി – കൂപ്പുകവല റോഡിൻ്റെ പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള കുടിവെള്ള പൈപ്പുലൈനുകൾ പൊട്ടിപ്പോയി. ഈറോഡിൻ്റെ മെറ്റലിട്ട് സോളിങ്ങ് നടപടികൾ തീർന്നതാണ്. എന്നാൽ പൊട്ടിപ്പോയ പൈപ്പുകൾ മാറ്റിയിടാനോ പുതിയ പൈപ്പുകൾ വഴിയിൽ ഇറക്കിയിട്ടിട്ടും പണികൾ ഒന്നും നടത്താനോ വാട്ടർ അതോറിറ്റി തയ്യാറാകുന്നില്ല. അതിനാൽ കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ഹൈ സ്കൂൾ, തെങ്ങുംപിള്ളി ലക്ഷംവീട് കോളനി എന്നിവിടെയുള്ള ജനങ്ങൾ സ്വകാര്യ വ്യക്തികൾ വണ്ടികളിൽ അടിച്ചുതരുന്ന വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു 2000 ലിറ്റർ വെള്ളത്തിന് 600 രൂപ മുതൽ വീടുകളിലോട്ടുള്ള അകലം കൂടുന്നതനുസരിച്ച് കൂടുതൽ വില കൊടുക്കേണ്ടതായും വരുന്നു. വഴി പണിയുടെ മറവിൽ തെങ്ങുംപിള്ളി ലക്ഷംവീട് കോളനിക്ക് സമീപം ഉള്ള കുഴൽകിണർ മണ്ണിട്ട്മൂടിയ അവസ്ഥയിലായി. എത്രയും പെട്ടെന്ന് വാട്ടർ അതോറിറ്റി പൊട്ടിപ്പോയ പൈപ്പ് മാറ്റിയിടുകയും പുതിയതായി വഴിയിൽ ഇറക്കിയിട്ട പൈപ്പുകൾ പുനസ്ഥാപിച്ച് ഇതുവഴി ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡ് പണിയുടെ പേര് പറഞ്ഞ് കുടിവെള്ളം മുട്ടിയ്ക്കുന്നു





