Timely news thodupuzha

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 – 2027 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഗ്രാമസഭകളിൽ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തിലെ അംഗങ്ങളാണ് പങ്കെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിസി ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതികളും, ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് നടപ്പാക്കുന്ന സംയുക്ത പദ്ധതികളും യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ്കുട്ടി ജോസഫ്, കെ കെ തോമസ്, ഷൈനി ഷാജി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി സി എൻ ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി റ്റി.ഇ സിയാദ് എന്നിവർ കരട് പദ്ധതി നിർദ്ദേശങ്ങളും, ധന വിനിയോഗവും യോഗത്തിൽ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി അംഗങ്ങളായ ജോസിൽ സെബാസ്റ്റ്യൻ, ബീമാ അനസ് എന്നിവർ പദ്ധതികൾ നിർദ്ദേശിച്ചു. ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിച്ച് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ, പുറപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ബബിത അനൂപ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് എന്നിവരാണ് പദ്ധതികൾ നിർദ്ദേശിച്ചത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, കുമാരമംഗലം, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങൾ ഗ്രാമസഭയിൽ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *