തിരുവനന്തപുരം: കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടക്കാനും, അമൂല്യമായി നമ്മൾ എക്കാലവും കരുതുന്ന മതാതീതമായ നമ്മുടെ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനുമുദ്ദേശിച്ച് നിർമ്മിച്ച ‘ ദി കേരളാ സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നവെന്ന വാർത്തകൾ വ്യാകുലപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഈ സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നമ്മുടെ നാടിന്റെ അനുപമമായ സാഹോദര്യത്തെ ഇകഴ്ത്തിക്കാട്ടാനുമായാണ് നിർമ്മിച്ചത്. ഇപ്പോഴിതാ ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തിൽ വെറുപ്പും, ശത്രുതയും, മതവർഗീയതയും കുത്തിനിറച്ച് രണ്ടാം ഭാഗമിറങ്ങുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
കേരളം സംഘപരിവാറിനും, അവരുടെ വിധ്വംസക ശക്തികൾക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. അതുകൊണ്ട് തന്നെ ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ സംസ്കാരത്തെ എത്ര കണ്ട് വികൃതമാക്കാൻ കഴിയുന്നോ അത്ര കണ്ടവർ വികൃതമാക്കും. നമ്മുടെ മതേതര ബോധത്തെയും, മാനവികതയിലധിഷ്ഠിതമായ കൂട്ടായ്മകളെയും എത്ര കണ്ട് അവഹേളിക്കാമോ അത്ര കണ്ട് അവർ അവഹേളിക്കും. എന്നാൽ അവർ പരാജയപ്പെടും.
ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹ്യ- സാംസ്കാരിക ബോധത്തെ ഒന്ന് സ്പർശിക്കുക പോലും ചെയ്യില്ലന്ന് നമുക്കുറപ്പിച്ച് പറയാൻ കഴിയും. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ടതാണ് കേരളത്തിന്റെ, മലയാളിയുടെ സംസ്കാരം. രണ്ടു മനുഷ്യർ സ്നേഹത്താൽ പരസ്പരം ഒന്നുചേരുമ്പോൾ അതിന് മതത്തിന്റെയും വർഗീയതയുടെയും മുഖവും നിറവും നൽകി, അവയെ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണങ്ങളിൽ കുടുക്കിയിടാനും അതുവഴി മനുഷ്യ മനസുകളെ വിഭജിച്ച് വെറുപ്പുൽപ്പാദിപ്പിക്കാനും ഫാസിസ്റ്റു ശക്തികൾ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.





