ഇടുക്കി: കോടാലി കൈയ്യോട് യാതൊരു വിരോധവും ഇല്ല എന്നാൽ കോടാലി കൊടുത്തു വിട്ട നേതാക്കൻമാരോട് അങ്ങനെ അല്ലെന്നും കോടാലി കൊടുത്തു വിട്ട സിപിഎം നേതാക്കളെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും ഡി സി സി പ്രസിഡൻ്റ് സി.പി മാത്യു. തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡണ്ട് റോയി ചാത്തനാട്ടിനെ ആക്രമിച്ച സംഭവത്തിൽ രാജകുമാരിയിൽ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി മാത്യു.
ഒന്നും ഇല്ലാതെ വന്ന സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ നൂറ് കണക്കിന് ഏക്കർ തോട്ടം സ്വന്തമാക്കിയത് എങ്ങിനെയാണെന്ന് സിപിഎം എങ്കിലും വിലയിരുത്തണമെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് എം.എൻ ഗോപി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളെ മർദ്ദിക്കുന്ന സിപിഎം നേതാക്കളുടെ സ്വത്ത് വിവരം സംബന്ധിച്ച അന്വേഷണം നടത്തുമെന്നും. നാലാം തീയതി മുതൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പോലീസിൽ ഉൾപ്പെടെ കനത്ത അഴിച്ചുപണി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജകുമാരി ടൗണിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് എം.പി ജോസ് അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി അഡ്വ.എം.എൻ ഗോപി,യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സേനാപതി വേണു,ഡിസിസി വൈസ് പ്രസിഡൻ്റ് കെ.എസ് അരുൺ,എം.ഡി അർജുനൻ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം.ജെ കുര്യൻ,കൺവീനർ ബെന്നി തുണ്ടത്തിൽ,ജോഷി കന്യാക്കുഴി,ബെന്നി കുര്യൻ, ബോസ് പി മാത്യു, രാജകുമാരി യുഡിഎഫ് ചെയർമാൻ ജോസ് കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു.





