ന്യൂഡൽഹി: 2023 ൽ പാർലമെൻറ് പാസാക്കിയ വനിത സംവരണ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ൽ പാസാക്കിയ ബിൽ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്.
സർക്കാരിൻറെ നീക്കം പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിൻറെ നീക്കം വിചിത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വ്യാഴാഴ്ച രാത്രിയാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ചുകൊണ്ടുള്ള ബിൽ പാർലമെൻറിൽ ചർച്ച ചെയ്യുന്നതിനിടെയാണ് വിജ്ഞാപനം. തികച്ചും വിചിത്രമായ നടപടിയാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചു. വെള്ളിയാഴ്ച പ്രതിപക്ഷ അംഗങ്ങളുടെ യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ച് ചേർത്തിട്ടുണ്ട്. ബില്ലിൻമേലുള്ള വോട്ടെടുപ്പിൽ നിലപാട് തിരുമാനിക്കാനാണ് യോഗം. നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ചില സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമം പൂർണ്ണതോതിൽ നടപ്പിലാക്കണമെങ്കിൽ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ മാത്രമേ വനിത സംവരണം പ്രായോഗികമാക്കാൻ സാധിക്കൂ. ഈ പ്രായോഗിക പരിമിതികൾ മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. കോൺഗ്രസ്, സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികൾ എതിർക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൽ ബില്ല് പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.





