ഇടുക്കി: കുമളി അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കൽ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു(26), ആരോമൽ സജി(26), ബിനു ബേബി(26), ജെസിൽ പി എൻ(30), റാന്നി സ്വദേശികളായ അനന്ദു അജി, അഖിൽ അജി(29), കൂവപ്പള്ളി സ്വദേശികളായ ഗോകുൽ രാജ്(31), ജീവൻ ചാക്കോ(25), അലൻ ജോൺ(28), മുക്കൂട്ടുതറ സ്വദേശി അഖിൽ രാജ് എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ട്രാവലറിൽ എത്തിയ യുവാക്കൾ ആറാംമൈൽ അരമനക്കുസമീപം സംസ്ഥാനപാതയോരത്ത് മദ്യപിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ചോദ്യംചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഇവർ നാട്ടുകാരെ കൈയേറ്റംചെയ്യുകയായിരുന്നു. എസ്എച്ച്ഒ കെ അഭിലാഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള കുമളി പൊലീസ് അക്രമികളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.






