Timely news thodupuzha

ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കും: എൽ.പി.ജി ഓപ്പൺ ഫോറം

ഇടുക്കി: ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറേറ്റിൽ സംഘടിപ്പിച്ച എൽ.പി.ജി. ഓപ്പൺ ഫോറം തീരുമാനിച്ചു. റീഫിൽ ബുക്കിംഗിനുള്ള കാലതാമസം 25 ദിവസം 45 ദിവസം എന്നിങ്ങനെയുള്ളത് ഏകീകരിക്കുന്നതിനും ബുക്കിംഗ് നടപടികൾ ലഘൂകരിക്കുന്നതിനും ഓയിൽ കമ്പനികൾക്ക് കത്ത് നൽകും.

കൂടാതെ, ഒരു ഗ്യാസ് ഏജൻസിയിൽ നിന്നും മറ്റൊരു ഏജൻസിയിലേയ്ക്ക് കണക്ഷൻ മാറ്റുന്നതിന് അതാതു താലൂക്ക് സപ്ലൈ ആഫീസർമാരുടെ അനുമതിയോടു കൂടിയായിരിക്കണമെന്ന് തീരുമാനിച്ചു. കെ. വൈ.സി അപ്‌ഡേഷൻ അതാതു പഞ്ചായത്തിൽ അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിലാണ് ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഉപഭോക്താക്കൾ, ഉപഭോക്തൃ സംഘടനകൾ, ഓയിൽ കമ്പനി പ്രതിനിധികൾ, പാചക വാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തിയ എൽ.പി.ജി ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ജില്ലാ സപ്ലൈ ആഫീസർ ടി.ജെ ആശ യോഗത്തിൽ അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *