Timely news thodupuzha

നെടുംകണ്ടത്ത് ഒരു കുടുംബത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തകർത്ത് ഭൂ മാഫിയ

ഇടുക്കി: നെടുംകണ്ടം പച്ചടി സ്വദേശിയായ കണ്ടച്ചാലിൽ ജോസ് തോമസിന്റെ വീട്ടിലേക്കുള്ള വഴിയാണ് കഴിഞ്ഞ രാത്രിയിൽ ഇല്ലാതായത്. ടാർ റോഡിൽ നിന്നും വീട്ടിലേയ്ക്കുള്ള പാതയുടെ ഇരു വശത്തുമായുള്ള ഭൂമി, രണ്ട് വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിൽ ആയിരുന്നു. ഏതാനും മാസങ്ങൾക് മുൻപ് ഈ രണ്ട് വസ്തുവും ടാർ റോഡിന് എതിർ ഭാഗത്ത്‌ വിവിധ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമിയും തമിഴ് നാട് സ്വദേശികൾ വിലയ്ക് വാങ്ങി.

തുടർന്ന് കൃഷി ഒരുക്കുന്നതിനായി ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചതോടെ, ജോസിന്റെ വീട്ടിലേയ്ക്കുള്ള മൺ പാതയിലൂടെ കാൽ നാടയാത്ര പോലും ദുരിതത്തിൽ ആയി. ഇതോടെ മൺ പാത കോൺക്രീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രിയിൽ ഒരു സംഘം ആളുകൾ എത്തി ജെ സി ബി ഉപയോഗിച്ച് പാത തകർത്തു.

25 വർഷമായി കുടുംബം ഉപയോഗിച്ചിരുന്ന പാതയാണ് ഒരു രാത്രികൊണ്ട് ഇല്ലാതായത്. പ്രദേശം ഭൂ മാഫിയയുടെ പിടിയിലാണെന്നാണ് നാട്ടുകാരുടെ ആരോപണം. ചുറ്റുമുള്ള ഭൂമി വാങ്ങിയ ശേഷം വഴിയും വെള്ളവും തടസപ്പെടുത്തി ചെറുകിട കർഷകരെ പ്രതിസന്ധിയിലാഴ്ത്തുകയാണെന്നാണ് പരാതി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാകുന്നത്തോടെ ഭൂമി വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നതായും നാട്ടുകാർ ആരോപിയ്ക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *