തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യം നടപ്പാക്കുക ഓർഡിനറി ബസുകളിൽ. പിന്നീട് ബാക്കി ബസുകളിൽ നടപ്പാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കുക. കെഎസ്ആർടിസി ക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഈ കാലയളവിലെ യാത്രാ രീതികളും പഠിച്ച ശേഷമാകും രണ്ടാം ഘട്ടത്തിൽ മറ്റ് ബസുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് പരിഗണിക്കുക. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസി കണക്കാക്കുന്നത്.
കെ.എസ്.ആർ.റ്റി.സിയിലെ സൗജന്യ യാത്ര ഓർഡിനറിയിൽ നടപ്പാക്കുക ആദ്യ 100 ദിനം മാത്രം, പിന്നീട് മറ്റ് ബസുകളിലേക്ക് മാറ്റും






