Timely news thodupuzha

മോട്ടോർ വാഹന വകുപ്പിലെ ബൈ-ട്രാൻസ്ഫർ നിയമനം നടത്തുന്നത് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ തസ്തികയിലേക്ക് (എഎംവിഐ) ബൈ-ട്രാൻസ്ഫർ നിയമനം നടത്തുന്നത് അട്ടിമറിക്കാൻ ശ്രമം. ഇതു സംബന്ധിച്ച് ഇടത് യൂണിയൻ നേതാക്കൾ വ്യാജപ്രചാരണം നടത്തുന്നുവെന്നും ജീവനക്കാർക്കു പരാതി. ജീവനക്കാരുടെ ന്യായമായ അവകാശമായ ബൈ-ട്രാൻസ്ഫർ ഉദ്യോഗക്കയറ്റം തടയാനുള്ള ശ്രമമാണെന്ന് ആരോപണം. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ തസ്തികയിലേക്കുള്ള ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ചട്ടങ്ങൾ അനുസരിച്ചാണ് വർഷങ്ങളായി നടപ്പാക്കിവരുന്നതെന്നാണു ജീവനക്കാർ പറയുന്നത്.

എന്നാൽ, ഇതിനെതിരേ തെറ്റിദ്ധരണാജനകമായ പ്രചാരണം അഴിച്ചുവിട്ട് മോട്ടോർ വാഹന വകുപ്പിൻറെ സുതാര്യവും നിയമാനുസൃതവുമായ നിയമന നടപടികളെ സംശയത്തിൻറെ നിഴലിൽ ആക്കുന്നതാണെന്നാണ് ജീവനക്കാർ പറയുന്നത്. കേരള ട്രാൻസ്‌പോർട്ട് സബോർഡിനേറ്റ് സർവീസ് റൂൾസ്, 2008 പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനുസരിച്ച് എഎംവിഐ തസ്തികയിലേക്കുള്ള നിയമനം നേരിട്ടുള്ള നിയമനത്തിലൂടെയും ബൈ-ട്രാൻസ്ഫർ നിയമനത്തിലൂടെയും നടത്തേണ്ടതാണെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചട്ടപ്രകാരം ബൈ-ട്രാൻസ്ഫർ നിയമനവും നേരിട്ടുള്ള നിയമനവും 1:4 എന്ന അനുപാതത്തിലാണ് നടത്തേണ്ടത്.

അതായത്, നേരിട്ടുള്ള 100 നിയമനങ്ങൾക്ക് 25 ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ അനുവദിക്കപ്പെട്ടിരിക്കുന്നു. ബൈ-ട്രാൻസ്ഫർ നിയമനത്തിന് അർഹത നേടുന്നതിന് ഉദ്യോഗാർഥികൾക്ക് എസ്എസ്എൽസി, ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, നിർദിഷ്ട പ്രവൃത്തി പരിചയം, ഡ്രൈവിങ് ലൈസൻസ് (മോട്ടോർ സൈക്കിൾ, എൽഎംവി, ഹെവി), ശാരീരിക യോഗ്യത, കാഴ്ച പരിശോധനാ മാനദണ്ഡങ്ങൾ, അക്കൗണ്ട് ടെസ്റ്റ് (ലോവർ), മോട്ടോർ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻറൽ ടെസ്റ്റുകൾ, കൂടാതെ മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ സർവീസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സേവനപരിചയം എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതേ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി പുതുക്കുകയും സർവീസിൽ പ്രവേശിക്കുന്നവർക്ക് പത്ത് മാസത്തെ നിർബന്ധിത പരിശീലനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതിനാൽ, ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ യാതൊരു രഹസ്യ സംവിധാനത്തിലൂടെയോ പ്രത്യേക പരിഗണനയിലൂടെയോ നടത്തപ്പെടുന്നില്ല. നിയമപരമായി നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും പ്രത്യേക ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ, സുതാര്യവും യോഗ്യതാ അധിഷ്ടിതവുമായ നടപടിക്രമങ്ങൾ പാലിച്ചാണ് നിയമനങ്ങൾ നടത്തിവരുന്നത്.

കൂടാതെ മോട്ടോർ വാഹന വകുപ്പിൻറെ ചരിത്രത്തിൽ ബൈ-ട്രാൻസ്ഫർ ക്വാട്ട പ്രകാരം നിയമിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, അനുവദനീയമായ അവസരങ്ങളുടെ പൂർണ പ്രയോജനം പോലും ലഭ്യമായിട്ടില്ല എന്നും ജീവനക്കാർ പറയുന്നു. അൻപതോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുണ്ട്. അതിനാൽ ബൈ-ട്രാൻസ്ഫർ നിയമനങ്ങൾ അനിയന്ത്രിതമായി അല്ലെങ്കിൽ അമിതമായി പിൻവാതിലിൽ കൂടി നടക്കുന്നു എന്ന വ്യാജപ്രചാരണമാണ് നടത്തുന്നത്. ഭരണം നഷ്ടപ്പെട്ട ചിലയൂണിയൻ അനുഭാവികളുടെ രോഷപ്രകടനമാണിതെന്നും, വാഹന വകുപ്പിൻറെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്താനുള്ള ശ്രമമാണെന്നും ജീവനക്കാർ ആരോപിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *