തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായ ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് നീക്കം. സുഗതൻറെ കൗൺസിലർ സ്ഥാനം തുലാസിലാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24ന് അകം സത്യപ്രതിജ്ഞ ചെയ്യണം. അതിന് സാധിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. കാപ്പ കേസ് ചുമത്തി റിമാൻഡിൽ കഴിയുന്ന സുഗതന്റെ ജാമ്യ ഹർജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്.
രണ്ട് ആഴ്ച്ച മുമ്പ് സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞമാസം 29ന് ഉപദേശക സമിതി വാദം കേട്ടിരുന്നു. എന്നാൽ, ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചില്ല. സമിതിയിൽനിന്ന് സുഗതന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമായാൽ നഗരസഭയിലെ ബിജെപിയുടെ ഭരണവും പ്രതിസന്ധിയിലാവും. തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ 20 കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. 4 ആഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിൽ 19 പേർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജയിലിലായ സുഗതന് മാത്രം സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന അപേക്ഷയുമായാകും സുഗതൻ ഹൈക്കോടതിയെ സമീപിക്കുക. കാപ്പ കേസിൽ ജാമ്യം ലഭിച്ചില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്കായി ഏതാനും ദിവസം പരോൾ അനുവദിച്ചേക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.






