Timely news thodupuzha

തൊടുപുഴയിലെ അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കും, നഗരത്തിലെ ഓടകൾ ശുചീകരിക്കും

തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ ഓടകൾ ശുചീകരിക്കാനും, ഗതാഗതത്തിനും പൊതുജനങ്ങൾക്കും തടസ്സമാകുന്ന തെരുവുകച്ചവടം നിയന്ത്രിക്കാനും തീരുമാനമായി.തൊടുപുഴ നഗരസഭയിലെ ഓടകളുടെ ശുചീകരണം, തെരുവുകച്ചവട നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തൊടുപുഴ എം.എൽ.എ അപു ജോൺ ജോസഫ് വിളിച്ചു ചേർത്ത യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സാബിറ ജലീൽ, വൈസ് ചെയർപേഴ്സൻ കെ. ദീപക്,തഹസീൽദാർ ബോബി റോസ്,മുനിസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,ക്‌ളീൻ സിറ്റി മാനേജർ ജിൻസ് സിറിയക്,മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട്‌ സലിംകുട്ടി, ട്രാക് ഭാരവാഹി കൾ,വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, ബി.എസ്.എൻ.എൽ, മറ്റ് ടെലിഫോൺ കമ്പനികൾ എന്നിവയുടെ കേബിളുകൾ ഓടകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് യോഗത്തിൽ വിലയിരുത്തി. നഗരസഭ, പി.ഡബ്ല്യു.ഡി, പോലീസ്, ബി.എസ്.എൻ.എൽ, മറ്റ് ടെലിഫോൺ കമ്പനികൾ എന്നിവയുടെ ഏകോപനത്തോടെ ഓടകൾ ശുചീകരിക്കാൻ തീരുമാനിച്ചു. നഗരത്തിൽ വാഹനഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും തടസ്സമാകുന്ന രീതിയിൽ വർധിച്ചുവരുന്ന തെരുവുകച്ചവടം നിയന്ത്രിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭ നിശ്ചയിച്ചിട്ടുള്ള വെൻഡിംഗ് സോണുകളിൽ തെരുവുകച്ചവടം നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കും. ഇത്തരം സ്ഥലങ്ങളിൽ കച്ചവടം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനും നടപടി സ്വീകരിക്കും. വെൻഡിംഗ് കാർഡ് ലഭിക്കാത്ത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും നഗരസഭ, പി.ഡബ്ല്യു.ഡി, പോലീസ് വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി

Leave a Comment

Your email address will not be published. Required fields are marked *