പാമ്പാടി: സിക്കിമിൽ തുരങ്കത്തിലുണ്ടായ വാതക സ്ഫോടനത്തിൽ മരിച്ച ജിയോളജിസ്റ്റും വ്ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7 മണിയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം ആംബുലൻസ് മാർഗം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ട് നോർക്കയുടെ (NORKA) സഹായത്തോടെയാണ് മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
അനീഷ് മോഹന് ഇന്ന് നാട് വിട ചൊല്ലി. സിക്കിമിലെ ജലവൈദ്യുതി പദ്ധതിക്കായുള്ള ടണൽ നിർമാണ സംഘത്തിലെ ജിയോളജിസ്റ്റായി ജോലിക്കിടെയുണ്ടായ ദാരുണമായ ദുരന്തത്തിലാണ് ഈ കോട്ടയത്തുകാരന്റെ ജീവൻ പൊലിഞ്ഞത്. വ്യത്യസ്തമായ ഒരു തൊഴിൽ മേഖല ജീവിതവഴിയായി തെരഞ്ഞെടുത്തതുകൊണ്ടാകാം തിരക്കുകൾക്കിടയിൽ യഥാസമയം നമ്മളറിയാതെ പോയത് വലിയൊരു പ്രതിഭയെക്കൂടിയാണ്. നാട്ടിലെത്തിച്ച ഭൗതികശരീരം ഉച്ചയോടെ സംസ്‌കരിക്കും.നാട്ടകം ഗവൺമെന്റ് കോളജിൽ നിന്ന് റാങ്കോടെയാണ് അനീഷ് ജിയോളജിയിൽ ബിരുദവും (2001-2004) ബിരുദാനന്തര ബിരുദവും (2004-2006) പൂർത്തിയാക്കിയത്.
പഠനകാലത്ത് മനോഹരമായി കഥകളെഴുതിയിരുന്ന ഈ പാമ്പാടി എട്ടാം മൈൽ സ്വദേശി സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. ശാസ്ത്രത്തെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിരവധിയാളുകൾക്ക് അനീഷ് ചിരപരിചിതനായിരുന്നു.





