Timely news thodupuzha

സർക്കാർ കോളെജുകളുടെ അടിസ്ഥാനസൗകര്യ വികസനം, തുക അനുവദിച്ച് സംസ്ഥാന ​ഗവൺമെൻ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളെജുകളിലെ ഭൗതിക, മാനവവിഭവശേഷി, ഐടി അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും പരിപാലനത്തിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 45.68 കോടി രൂപ അനുവദിച്ചതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു. പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണകേന്ദ്രങ്ങൾ, ഐടി സൗകര്യങ്ങൾ തുടങ്ങിയ വിവിധ വികസന പദ്ധതികൾക്കാണ് തുക വിനിയോഗിക്കുക. 13.48 കോടി രൂപ എറണാകുളം നോർത്ത് പറവൂരിലെ കേസരി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ പുതിയ ഭരണകേന്ദ്രം നിർമിക്കാൻ അനുവദിച്ചു. മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടി രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ സർക്കാർ കോളെജിൽ ലൈബ്രറിയും ഗവേഷണ ബ്ലോക്കും നിർമിക്കാൻ 4.81 കോടി രൂപ അനുവദിച്ചു. തലശേരിയിലെ സർക്കാർ ബ്രണ്ണൻ കോളെജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷന് അടിസ്ഥാനസൗകര്യ വികസനത്തിനായി 2.42 കോടി രൂപയാണ് അനുവദിച്ചത്. കരുനാഗപ്പള്ളി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളെജിൽ അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും നിർമിക്കാൻ 1.29 കോടി രൂപ അനുവദിച്ചു. വടകര മടപ്പള്ളി സർക്കാർ കോളെജിൽ പുതിയ ആർട്‌സ് ബ്ലോക്കിനായി 1.34 കോടി രൂപയും, മൂന്നാർ സർക്കാർ കോളെജിൽ ചുറ്റുമതിൽ നിർമിക്കാൻ 1.98 കോടി രൂപയും വകയിരുത്തി. കെകെടിഎം സർക്കാർ കോളെജിന് 1.27 കോടി രൂപയും, ഏലേരിത്തട്ടിലെ ഇകെഎൻഎം കോളെജിന് 99.68 ലക്ഷം രൂപയും, തോലന്നൂർ സർക്കാർ കോളെജിന് 98.35 ലക്ഷം രൂപയും തുക അനുവദിച്ചിട്ടുണ്ട്. സർക്കാർ കോളെജുകളെ കൂടുതൽ ആകർഷകവും വിദ്യാർഥി സൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഗവേഷണ-നവീകരണ അവസരങ്ങൾ വർധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ കോളീജിയറ്റ് വിദ്യാഭ്യാസ ഡയറക്റ്റർക്ക് നിർദേശം നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *