തൊടുപുഴ: ഉന്നത വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്ന വിഷയത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ഇടുക്കി ജില്ലാ സാക്ഷരതാ മിഷനും ചേർന്ന് വൈജ്ഞാനിക, സാഹിത്യ, സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന സെമിനാർ തൊടുപുഴ നഗരസഭാ ചെയർപേഴ്സൻ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസിയ നിസാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഇടുക്കി ജില്ലാ കോ-ഓഡിനേറ്റർ പി എം അബ്ദൾകരീം സ്വാഗതം പറഞ്ഞു. സമൂഹത്തിൽ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ.അഭിലാഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ ഡോ. കനിത ഡി.കെ. സർവകലാശാലയിലെ വിവിധ കോഴ്സുകൾ, പ്രവേശന നടപടിക്രമങ്ങൾ, തുടർപഠനത്തിനുള്ള സാധ്യതകൾ പരിചയപ്പെടുത്തി. സർവകലാശാല തൃപ്പൂണിത്തുറ റീജിയണൽ ഡയറക്ടർ ഡോ. ജോജോമോൻ, അസിസ്റ്റന്റ് പ്രൊഫസർ സൗമ്യ വി.ഡി. തൊടുപുഴ അൽ-അസ്ഹർ കോളജ് വൈസ്പ്രിൻസിപ്പൽ അരുൺ ഗോപാൽ, സാദിര കെ എസ് എന്നിവർ പ്രസംഗിച്ചു. സാക്ഷരതാമിഷൻ സെന്റർ കോ-ഓഡിനേറ്റർ ബെന്നി ജോൺ നന്ദി പറഞ്ഞു. സാക്ഷരതാ മിഷന്റെ ഹയർ സെക്കന്ററി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവർക്ക് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി ചേർന്ന് ഡിഗ്രി തലത്തിൽ ഉന്നത പഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് ജില്ലാ കോ-ഓഡിനേറ്റർ പി എം അബ്ദുൾകരീം പറഞ്ഞു.

പ്രായം, സാമ്പത്തിക സാഹചര്യം തുടങ്ങി പല കാരണങ്ങളാൽ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവർക്ക് തിരിച്ചെത്താൻ ഓപ്പൺ സർവ്വകലാശാല അവസരം ഒരുക്കുമെന്ന് രജിസ്ട്രാർ ഡോ.അഭിലാഷ് ബാബു പറഞ്ഞു. സെമിനാറിൽ സാക്ഷരതാ മിഷൻ പഠിതാക്കൾ തങ്ങളുടെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പഠനം തുടരാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ പഠിതാക്കൾ പങ്കിട്ടു.






