Timely news thodupuzha

തമിഴ് സിനിമാലോകത്തിന് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം; പുലര്‍ച്ചെ 6 മണി ഷോകള്‍ക്ക് അനുമതി, ആദ്യ ആഴ്ചയില്‍ ആറ് പ്രദര്‍ശനങ്ങള്‍; പുതിയ ഉത്തരവിന്റെ ആനുകൂല്യം ആദ്യം ലഭിക്കുക സൂര്യയ്ക്കും നയൻതാരയ്ക്കും

തമിഴ് സിനിമാ ആരാധകർക്ക് ആശ്വാസവും ആവേശവും പകരുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ പുലർച്ചെ ആറുമണി മുതല്‍ പ്രദർശനം നടത്താൻ സർക്കാർ അനുമതി നല്‍കി.പുതിയ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ പ്രതിദിനം ആറ് ഷോകള്‍ വരെ നടത്താമെന്നാണ് വിജയ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. പുലർച്ചെ ആറിന് ആരംഭിക്കുന്ന പ്രദർശനങ്ങള്‍ അടുത്ത ദിവസം പുലർച്ചെ 2.30 വരെ തുടരാനും അനുമതിയുണ്ട്.

2023ല്‍ അജിത്ത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിനിടെയുണ്ടായ ദുരന്തത്തെ തുടർന്നാണ് തമിഴ്നാട്ടില്‍ പുലർച്ചെയുള്ള ഷോകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. സിനിമയുടെ റിലീസ് ആഘോഷങ്ങള്‍ക്കിടെ 19 വയസുകാരൻ മരിച്ചതോടെയാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഷോ രാവിലെ ഒമ്പത് മണിക്ക് മാത്രമായി നിശ്ചയിച്ചിരുന്നു.

തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, തമിഴ്നാട് തിയേറ്റർ ആൻഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവർ ആറ് മണി ഷോക്ക് അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു.

നിലവില്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ദിവസവും നാല് പ്രദർശനങ്ങളാണ് ഉള്ളത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്ന ആദ്യ ഏഴ് ദിവസങ്ങളില്‍ അഞ്ച് ഷോകള്‍ അനുവദിച്ചിരുന്നു. പ്രാദേശിക ഉത്സവങ്ങള്‍, പൊതു അവധി ദിനങ്ങള്‍, ശനി, ഞായർ ദിവസങ്ങളിലും അഞ്ച് പ്രദർശനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നു. പുതിയ ഉത്തരവോടെ ഇത് ആറായി ഉയർത്തിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *