Timely news thodupuzha

സിസിടിവി ചതിച്ചു’; പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്.  വണ്ടി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് ഇത് മോഷ്ടിച്ചതെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. വഴിയിരകിൽ പ്രവ‍ര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് 6000 രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. 

എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.  ഇയാൾക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന. സംഭവം പുറത്തുവന്നതിന് പിന്നാലെ മുങ്ങിയ പൊലീസുകാരനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *