Timely news thodupuzha

logo

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു

കോട്ടയം: ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേനയും രൂപീകരിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസ വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായിട്ടുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങൾ പാലിച്ച് ഉന്മൂലനം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശവും നൽകി. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. 

ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്റനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ജില്ലാ കലക്റ്റർ പറഞ്ഞു. ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാർ, മൂന്നിലവ്, കരൂർ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *