തൊടുപുഴ: സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തൊടുപുഴ മണ്ഡലം സമിതി ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹ് ഖുതുബയിൽ മൗലവി അബ്ദുസ്സലാം പെരുമ്പാവൂർ പറഞ്ഞു.
സാമൂഹിക ജീർണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാൾ വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നത്.
തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിൻ്റെ പരീക്ഷണങ്ങൾക്ക് കാരണമാകുമെന്നത് നാം മനസ്സിലാക്കണം.
ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത. വിശ്വാസ രംഗത്തെ ജീർണ്ണതകൾ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുതെന്നും മൗലവി ഖുതുബയിൽ ഓർമപ്പെടുത്തി.
നിരപരാധികളായ പാലസ്തീൻ ജനതക്ക് മേൽ ഇസ്രാഈൽ നടത്തുന്ന അതിക്രമങ്ങൾ തുടരുന്നത് അപലപനീയമാണ്. കേട്ടുകേൾവി പോലുമില്ലാത്ത വിധം യുദ്ധ മര്യാദകൾ ലംഘിച്ചും, അഭയാർഥി ക്യാംപുകൾക്ക് നേരെ യുദ്ധം ചെയ്തും നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കാൻ ഇസ്രാഈലിന് മേൽ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും ഈദ് ഖുതുബയിൽ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഈദ് ഗാഹിൽ പങ്കെടുത്തു. തൊടുപുഴക്ക് പുറമെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ് കൾ സംഘടിപ്പിച്ചിരുന്നു. ഉടുമ്പന്നൂർ സലഫി മസ്ജിദ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഹനീഫ് ബാഖവിയും അടിമാലി സലഫി സെന്ററിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ബാസിൽ പെരിന്തൽമണ്ണയും പീരുമേട് സലഫി മസ്ജിദ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് മുഹമ്മദ് ഹനീഫ് മൗലവിയും നേതൃത്വം നൽകി.





