Timely news thodupuzha

പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് പണ തട്ടിപ്പ് നടത്തിയ കേസ്; അനന്തു കൃഷ്ണനെ 5 ദിവസം കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: പകുതിവിലയിൽ ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ തട്ടിപ്പ് നടത്തിയ കേസിൽ‌ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ കോടതി കസ്റ്റഡിയിൽ‌ വിട്ടു.

പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പൊലീസ് നൽകിയ അഞ്ച് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയിൽ മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം അനന്തുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കേസ്‌ ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സിഎസ്ആർ ഫണ്ടിൽ നിന്ന് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും തയ്യൽ മെഷീനും ലാപ്‌ടോപ്പും കാർഷികോപകരണങ്ങളുമെല്ലാം വാങ്ങിനൽകുമെന്ന് വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ പണം കവർന്നുകൊണ്ടു പോവുകയായിരുന്നു. അതിസാധാരണക്കാരായ മനുഷ്യരിൽ നിന്ന് 1000 കോടിയിലധികം രൂപയാണ് അനന്തു കൃഷ്ണനും സംഘവും കബളിപ്പിച്ചതെന്നാണ് വിവരം.

തട്ടിപ്പ് പദ്ധതിക്കിട്ട പേര് വിമൻ ഓൺ വീൽസ്. പകുതി പണം നേരിട്ട് അനന്തു കൃഷ്ണൻറെ അക്കൗണ്ടിലേക്ക് അയക്കണം. ബാക്കി തുക സിഎസ്ആർ ഫണ്ടിൽ നിന്നും കേന്ദ്രസർക്കാരിൻറെ വിവിധ പദ്ധതികളിൽ നിന്നും എത്തുമെന്ന് വാഗ്ദാനം. ഇത് വിശ്വസിച്ച ആയിരക്കണക്കിന് സ്ത്രീകൾ സ്‌കൂട്ടറിൻറെ പകുതി പണം പ്രതിയുടെ മൂന്ന് അക്കൗണ്ടുകളിലായി അയച്ചുനൽകി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും.

കണ്ണൂരിൽ നിന്ന് മാത്രം തട്ടിച്ചെടുത്തത് 700 കോടിയിലേറെ രൂപയാണ്. അനന്തു കൃഷ്ണൻറെ ഒറ്റ ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ 3 കോടി രൂപ മാത്രമാണ് നിലവിൽ ശേഷിക്കുന്നത്.

സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ചായിരുന്നു വിശ്വാസ്യത നേടിയെടുത്തത്. തട്ടിപ്പിനായി 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ചു.രാഷ്ട്രീയ നേതാക്കളുടെ സൗഹൃദവും സാന്നിധ്യവുമായിരുന്നു തട്ടിപ്പിൻറെ മൂലധനം.

ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണനെ വിവിധ വേദികളിൽ പദ്ധതി ഉദ്ഘാടകനായി എത്തിച്ചു. കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിനെ പദ്ധതിയുടെ നിയമോപദേശകയാക്കി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് ഇപ്പോൾ മരവിപ്പിച്ചിട്ടുണ്ട്. ഇയാളുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *