കോഴിക്കോട്: ചൂട് കൂടിയതോടെ കേരളത്തിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞർ. ശരിയായി മഴ കിട്ടിയില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതിൽ താഴുമെന്നാണ് മുന്നറിയിപ്പ്. പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞു. ഒരു മാസത്തെ കണക്കു പ്രകാരം അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്ന് നിൽക്കുകയാണ്. രാത്രി കാലത്തെ താപനിലയിൽ പാലക്കാട് ജില്ലയിൽ 2.9 ഡിഗ്രി വരെ ഉയർന്നിരുന്നു.
കഴിഞ്ഞ തവണത്തേക്കാൾ ചൂട് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണ്. പക്ഷെ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ ഈ കാലയളവിൽ കാര്യമായി ബാധിക്കുമെന്ന് ജല വിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യുന്ന അസസ്ഥായായിരിക്കും മഴ പെയതില്ലെങ്കിൽ ഉണ്ടാവാൻ പോകുന്നത്.





