കോടിക്കുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(CSR) 2025 – 2026 സാമ്പത്തിക വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി, എസ്.ബി.ഐ. തൊടുപുഴ റീജണൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നെടുമറ്റം ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് എസ്.ബി.ഐ. റീജണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ കൈമാറുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം സാമൂഹിക ഇടപെടലുകൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


പി.ടി.എ കമ്മിറ്റി അംഗം ബിനേഷ് കെ.കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രധാനാധ്യാപകൻ കെ. എസ്. അബ്ദുൾ ഖാദർ സ്വാഗതം ആശംസിച്ചു. എസ്.ബി.ഐ. എച്ച്.ആർ. മാനേജർ എൻ.ആർ. നിഖിൽ സി.എസ്.ആർ. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ബാങ്ക് കൈക്കൊള്ളുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.


സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രതിനിധി എസ് അനിൽകുമാർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. സി.എസ്.ആർ പ്രവർത്തനങ്ങളുടെ തുടർച്ചയായി, 38 സൈക്കിളുകളാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്തത്. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥിനികൾക്ക് സ്കൂളിലേക്കുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ സഞ്ചാര സംവിധാനം ഉറപ്പാക്കുക, അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ചടങ്ങിൽ സ്ക്കൂൾ അധ്യാപക – അനധ്യാപകർ, രക്ഷകർത്താക്കൾ, എസ്.ബി.ഐ. ജീവനകാർ തുടങ്ങിയവർ പങ്കെടുത്തു.






