ഇടുക്കി: ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്താനാണ് ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കു ന്നതെന്ന് മന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിലെ പ്രകൃതി വിഭവങ്ങളെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കണം. വിഭവങ്ങളുടെ കൃത്യമായ ഉപയോഗത്തി ലൂടെയേ നാട് വികസിക്കുകയുള്ളൂ.അതിന് ഉത്തമ ഉദാഹണമാണ് കോളപ്ര കാഞ്ഞാർ ടൂറിസം പദ്ധതി. സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ പ്രദേശമാണ് കോളപ്ര കാഞ്ഞാർ പ്രദേശം. അതുകൊണ്ടുതന്നെ ഈ ടൂറിസം പദ്ധതി വലിയ മുതൽക്കൂട്ടാ ണെന്നും മന്ത്രി പറഞ്ഞു.
വികസനത്തിന്റെ പാതയിലുള്ള ഇടുക്കിയിൽ മികച്ച നിലവാരമുള്ള റോഡുകളാണുള്ളത്. ഇന്ന് ഉദ്ഘാടനം നിർവഹിച്ച മലയോര ഹൈവേ അതിൻ്റെ കൃത്യമായ ഉദാഹരണമാണ്. റോഡുകൾ വികസിക്കുന്നതിലൂടെ ടൂറിസം മേഖലയും വളരും.
കേരളത്തിലെ പ്രകൃതി സൗന്ദര്യവും ആയുർവേദ ചികിത്സാരംഗത്തെ പ്രവർത്തനങ്ങളും പരമ്പരാഗത കലാരൂപങ്ങളും ടൂറിസം രംഗത്തെ വളർത്തുന്നു.
മികച്ച ആരോഗ്യരംഗവും നല്ല പൊതുവിദ്യാലയങ്ങളും ഈ ജില്ലയുടെ മുഖച്ഛായ മാറ്റി. കൂടാതെ ടൂറിസം ഭൂപടത്തിൽ ഇടുക്കിയുടെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്തു. കേരളം വ്യാവസായിക രംഗത്ത് വലിയ ഉയർച്ചകൾ കൈവരിച്ച് മുന്നേറുകയാണ്. പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയുടെ ഓരോ പ്രദേശങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു കഴിഞ്ഞു. നാടിന് ഉതകുന്ന ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇത്തരം പദ്ധതികൾ മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. കുടയത്തൂർ പഞ്ചായത്തിന് മുന്നിലുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വോളിബോൾ കോർട്ടിന്റെ നവീകരണത്തിനും പ്രവർത്തനങ്ങൾക്കും വേണ്ട അനുമതി ഉടൻതന്നെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെഐഐഡിസി പ്രോജക്ട് കോ-ഓർഡിനേറ്റർ സിജോ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ & എംഡി വി.പി.ഹബീബ് റഹ്‌മാൻ പദ്ധതി വിശദീകരിച്ചു. കുടയത്തൂർ ടൂറിസം പ്രമോഷൻ കൗൺസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്,കെഐഐഡിസി അഡീഷണൽ സിഇഒ ബാജി ചന്ദ്രൻ ആർ ,
എം.വി.ഐ.പി സൂപ്രണ്ടിങ് എഞ്ചിനീയർ ബാലശങ്കർ, ടൂറിസം പ്രമോഷൻ കൗൺസിൽ സംഘാടകസമിതി പ്രസിഡന്റ് ഫ്രാൻസിസ് കരിമ്പാനി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






