ഇടുക്കി: സ്പോർട്സ് കൗൺസിലിനെ സ്പോർട്സ് ഡയറക്‌ടറേറ്റുമായി ലയിപ്പിച്ചുകൊണ്ട് മൂന്നാറിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കണം അമിത രാഷ്ട്രീയ ഇടപെടലും, ഭരണപരമായ കെടു കാര്യസ്ഥതയും മൂലം ഇടതു പക്ഷ സർക്കാർ കേരള കായിക മേഖലയെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്ന് മൈനോറിറ്റി കോൺഗ്രസ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ സണ്ണി മണർകാട്. സ്പോർട്സുമായി പുലബന്ധം പോലുമില്ലാത്ത അംഗങ്ങളെ സ്പോർട്‌സ് കൗൺസിൽ ഭരണസമിതിയിൽ കുത്തി നിറച്ചുകൊണ്ട് കൗൺസിലിനെ എൽ.ഡി.എഫ് ഏറെ ദുർബ്ബലപ്പെടുത്തി. ഇന്നത്തെ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലും സ്പോർട്‌സ് കൗൺസിലുകളും സുവർണ്ണകാലത്തിൻ്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ മാത്രമായി അവശേഷിക്കുകയാണ്. കഴിഞ്ഞുപോയ കായിക മേഖലയെ പൂർണ്ണമായും സർക്കാരിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതു മാത്രമാണ് കേരള കായിക മേഖലയെ രക്ഷിക്കുന്നതിനുള്ള ഏക പോംവഴി.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമെ അതിനു കഴിയുകയുളളു. ആദ്യ പടിയായി തകർന്നടിഞ്ഞ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിനെ, ജീവനക്കാരെയും, പെൻഷൻകാരെയും സഹിതം സംസ്ഥാന സ്പോർട്സ് ഡയറക്‌ടറേറ്റുമായി ലയിപ്പിക്കണം. 14 ജില്ലാ സ്പോർട്സ് കൗൺസിലുകളും സ്പോർട്‌സ് ഡയറക്‌ടറേറ്റിൻ്റെ ജില്ലാ തല ആഫീസുകളായി പ്രവർത്തിക്കണം. 14 ജില്ലകളിലും കളിസ്ഥലങ്ങളും, ജില്ലാ തലത്തിൽ സ്പോർട്‌സ് അക്കാഡമികളും സ്ഥാപിക്കണം.
സ്പോർട്‌സിനെ വിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെടുത്തുകയും, മുഴുവൻ സ്ക്‌കൂളുകളിലും മുൻകാലങ്ങളിലുണ്ടായിരുന്നതുപോലെ കായിക അദ്ധ്യാപകരെ നിയമിച്ചുകൊണ്ട് കായിക വിദ്യാഭ്യാസത്തെ പൊതു വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കി പ്രോത്സാഹിപ്പിക്കുകയും വേണം. മുഴുവൻ സ്ക്കൂളുകളിലും 1 കായിക അദ്ധ്യാപകനെ വീതമെങ്കിലും നിയമിക്കണം. നിറുത്തൽ ചെയ്‌ത സ്പോർട്‌സ് ഹോസ്റ്റലുകളും സ്പോർട്സ് അക്കാഡമികളും തുറന്നു പ്രവർത്തിക്കണം. ആവശ്യത്തിനു കായിക പരിശീലകരെ നിയമിക്കണം.
വിവിധകായിക പ്രതിനിധീകരിക്കുന്ന മുഴുവൻ കായിക സംഘടനകൾക്കും, രാഷ്ട്രീയ ഇടപെടലുകളൊ, മറ്റു ബാഹ്യ സമ്മർദ്ദങ്ങളോ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കുവാനും, ജില്ലാ സംസ്ഥാന ചാമ്പ്യൻഷിപ്പുകളും കോച്ചിംഗ് ക്യാമ്പുകളും നടത്തി സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതിന് അർഹമായ ഗ്രാൻ്റ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുക. അഞ്ചു വയസാകുന്നതിനു മുൻപു തന്നെ വിദേശരാജ്യങ്ങളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്ന മാതൃകയിൽ കേരളത്തിലും കൊച്ചു കുട്ടികൾക്കുവേണ്ടി കായിക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. കായിക മേഖലയെ രാഷ്ട്രീയ വിമുക്തമാക്കുക. പൂർണ്ണമായും രാഷ്ട്രീയ വിമുക്തമാക്കുക.
മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാതു പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ച് പഞ്ചായത്തിലെ കായിക അദ്ധ്യാപകരുടെ സഹായത്താൽ രണ്ടു വർഷക്കാലം പരിശീലനം നൽകുക. ഇത് തുടർ പരിശീലന കേന്ദ്രങ്ങളായിരിക്കും.
രണ്ടു വർഷത്തെ പഞ്ചായത്തു പരിശീലനങ്ങൾക്കു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കു വേണ്ടി ബ്ലോക്കു തലത്തിൽ ഒരു വർഷവും, ഒരു വർഷത്തെ ബ്ലോക്കു തല പരിശീലനത്തിനു ശേഷം ബ്ലോക്കു തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി ജില്ലാ തലത്തിൽ ജില്ലാ സ്പോർട്‌സ് ഡയറക്ടറേറ്റിൻ്റെ നേത്യത്വത്തിൽ ജില്ലാ തല സ്പോർട്സ് അക്കാഡമികൾ സ്ഥാപിച്ച് 2 വർഷക്കാലത്തെ പരിശീലനവും, 2 വർഷങ്ങൾക്കുശേഷം 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾക്കായി സംസ്ഥാന തലത്തിൽ 3 വർഷക്കാലത്തെ പരിശീലനവും പൂർത്തിയാകുമ്പോൾ നമ്മുടെ കുട്ടികൾ അന്തർദ്ദേശീയ തലത്തിൽ മെഡലുകൾ നേടുവാൻ പ്രാപ്‌തരാകും. ഈ സന്ദർഭം കായികമേഖല സ്വർണ്ണലിപികളാൽ രേഖപ്പെടുത്തും.
1986-ൽ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെൻ്റർ നിർമ്മിക്കുവാനായി റ്റാറ്റാ ടീ കമ്പനിയിൽ നിന്നും 99 വർഷത്തേക്ക് സ്പോർട്‌സ് കൗൺസിൽ ലീസിന് എടുത്ത 15 ഏക്കർ ഭൂമി 40 വർഷക്കാലം വെറുതെ ഇട്ടതിനു ശേഷം ഇപ്പോൾ പിൻ വാതിലിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷനു കൈമാറ്റം ചെയ്യുവാനുള്ള നീക്കം നടത്തുന്നതായി അറിയുവാൻ കഴിഞ്ഞു. മൂന്നാറിലെ 15 ഏക്കർ സ്ഥലം പൊൻമുട്ടയിടുന്ന താറാവാണ്. നെടുമ്പാശ്ശേരി എയർ പോർട്ട് നിർമ്മിച്ച മാതൃകയിൽ ഒരു സീനിയർ ഐ.എ.എസ് ആഫീസറെ സ്പെഷ്യൽ ആഫീസറായി നിയമിച്ചുകൊണ്ട് പ്ലാനും എസ്റ്റിമേറ്റു തയ്യാറാക്കി സംസ്ഥാന സർക്കാരിന്റെ സഹായത്താൽ വിദേശ മലയാളികളിൽ നിന്നും വ്യാപാരികളിൽ നിന്നും ഷണ്ടു സ്വീകരിച്ചുകൊണ്ട് മൂന്നാറിലെ ലീസിനെടുത്ത സ്ഥലത്ത് വിദേശികളെ വരെ ആകർഷിക്കുവാൻ കഴിയുന്ന വിധത്തിൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള മൂവബിൾ റൂഫോടുകൂടിയ ഒരു സ്റ്റേഡിയം നിർമ്മിക്കുവാൻ കഴിയും. റോഡു തീർന്നുള്ള ന്യാലറിയുടെ ഉൾവശത്തായി 50 കടമുറികൾ, സ്റ്റേഡിയത്തിൻ്റെ ഗ്യാലറിക്കുള്ളിൽ അര ഡസനിലേറെ ഇൻഡോർ ഗെയിമുകൾക്കുള്ള സൗകര്യവും, ഗ്യാലറിക്കു മുകളിൽ ഡോർമിറ്ററി, ഹോസ്റ്റൽ മുറികൾ, ക്യാൻറീൻ, ആഫീസ് മുറികൾ എന്നിവയും, അതിനു മുകളിൽ അമ്പതോളം സ്യൂട്ടു റൂമുകളും നിർമ്മിക്കുവാനാകും. നിരവധി ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന സുഖവാസ കേന്ദ്രമായ മൂന്നാറിൽ സ്യൂട്ടു റൂമുകളിൽ നിന്നും വ്യാപാരത്തിനുള്ള കടമുറികളിൽ നിന്നും ഓരോ മാസവും ലക്ഷങ്ങൾ ആദായം ലഭിക്കുന്നതാണ്. കായിക മേഖലക്ക് ആതൊരു നേട്ടവുമായിരിക്കും. നിർദ്ദിഷ്‌ട സ്പോർട്‌സ് അക്കാഡമി ഇവിടെ തുടങ്ങുവാനും കഴിയും. ആയതിനാൽ ടി സ്ഥലം ആർക്കും വിട്ടുകൊടുക്കാതെ സ്പോർട്‌സ് ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ സംരക്ഷിക്കണമെന്ന് അഭ്യർത്ഥതിക്കുന്നു.






