രാജാക്കാട്: കുടുംബവും കുട്ടികളുമില്ല 67-ാം വയസിലും പ്രണയം വോളിബോളിനോട്.പാലാ സ്വദേശിയായ പടിഞ്ഞാറേപ്പറമ്പിൽ പി.എം ജോസഫാണ് കായിക വിനോദമായ വോളിബോളിനെ നെഞ്ചിലേറ്റി കോർട്ടുകളിൽ നിന്നും കോർട്ടുകളിലേയക്ക് ജൈത്രയാത്ര നടത്തുന്നത്. മുപ്പതാം വയസിൽ തുടങ്ങിയ വോളിബോൾ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോർന്ന് പോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദമായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും.ചോദിച്ചാൽ കളിയെ പറ്റിയും കളിക്കാരെ പറ്റിയും വിശദീകരിക്കും. കായികമായ നല്ല അധ്വാനത്തിലൂടെ തന്നെ കാണികൾക്ക് ഹരം പകർന്ന് നൽകുന്ന കായിക വിനോദമാണ് വോളിബോൾ.ഒരു തവണ കളി കണ്ടാൽ അവിടെ തുടങ്ങും ഈ കായിക വിനോദത്തോടുള്ള ആരാധന.അതിന് ഉദാഹരണമാണ് പാലാ സ്വദേശിയായ പി.എം ജോസഫ് എന്ന ഈ 67കാരൻ.കേരളത്തിലൊ, സമീപ സംസ്ഥാനങ്ങളിലോ വോളിബോൾ ടൂർണ്ണമെന്റ് ഉണ്ടെന്നറിഞ്ഞാൽ അവിടേയ്ക്ക് തിരിക്കും.
വർഷങ്ങളായുള്ള ഈ യാത്രയ്ക്കിടയിൽ വിവാഹവും കുടുംബവും എല്ലാം മറന്നു. ഒറ്റത്തടിയായി ജീവിതത്തിൽ വേളിബോളിനോടുള്ള പ്രണയം മാത്രം. വർഷങ്ങളായി ഹൈറേഞ്ചിലെ പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളും കാണാൻ അദ്ദേഹം എത്തും.എല്ലാ കളിക്കാരെ പറ്റിയും നല്ല നിശ്ചയമാണ്.
പാലായിൽ പെട്രോൾ പമ്പിൽ ജോലി നോക്കി കിട്ടുന്ന പണം ചേർത്ത് വയ്ക്കും പിന്നീട് ലീവെടുത്ത് വോളിബോൾ ടൂർണ്ണമെന്റ് നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് തിരിക്കും.മത്സരം നടക്കുന്ന സ്ഥലത്തെത്തിയാൽ ഒരു ദിവസം കൊണ്ട് കളി കണ്ട് മടങ്ങില്ല.ടൂർണ്ണമെന്റ് തീർന്ന് സമ്മാനദാനവും കഴിഞ്ഞേ മടങ്ങു.പതിവുതെറ്റിക്കാതെ ഇത്തവണയും നാലാമത് വോളിബോൾ മത്സരം കാണുവാൻ അദ്ദേഹം രാജാക്കാട് സാൻജോ കോളേജിലെത്തി.
മാർച്ച് ആറിന് തുടങ്ങിയ മത്സരം കാണുന്നതിനായി രാജാക്കാട്ട് വ്യാപാരഭവൻ ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.രാജാക്കാട്ട് മത്സരം സമാപിച്ച ശേഷം 9 മുതൽ 15 വരെ സേനാപതിയിൽ നടക്കുന്ന മത്സരം കാണുന്നതിനായി 6 കിലോമീറ്റർ അകലെ രാജകുമാരിയിൽ ലോഡ്ജ് എടുത്ത് താമസിക്കുകയാണ്.കളി അവസാനിച്ച ശേഷം പാലായ്ക്ക് മടങ്ങി വീണ്ടും ജോലിയിൽ പ്രവേശിക്കും.ജീവിതം എന്തെന്ന് ചോദിച്ചാൽ ജോസഫിന് ഒറ്റ ഉത്തരം മാത്രം വോളിബോൾ.





