ഇടുക്കി: സൗമ്യതയും സമര തീക്ഷണതയും സമം ചേർത്ത വ്യക്തിത്വമാണ് പീരുമേട് നിയോജക മണ്ഡലം എൽഡിഫ് സ്ഥാനാർഥി കെ സലിംകുമാർ. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് പുതിയ നിയോഗം.
എൽഡിഎഫ് ജില്ലാ കൺവീനർ കൂടിയാണ് ഇദ്ദേഹം. തൊട്ടാൽ പൊള്ളുന്ന സമരാനുഭവങ്ങളാണ് ഈ തൊടുപുഴക്കാരനുള്ളത്.തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ മഞ്ചിക്കല്ലിലെ കണിയാംപറമ്പിൽ വീട് ഒന്നര സെന്റിലെ ഒരു ഓലപ്പുരയായിരുന്നു.
ദാരിദ്ര്യവും പട്ടിണിയും വട്ടമിട്ട അവിടെ തങ്കപ്പന്റെയും സരോജിനിയുടെയും നാല് മക്കളിൽ ഒരാളായി ജനിച്ച സലിംകുമാറിന്റെ ബാല്യത്തിന് പുന്നാരങ്ങൾ അന്യം. ചെറിയ ചായപ്പീടിക യായിരുന്നു അച്ഛൻ തങ്കപ്പന്.
അത് പൂട്ടിയപ്പോൾ കള്ളുഷാപ്പിലെ വില്പനക്കാരനായി തങ്കപ്പൻ. ഏഴാനിക്കൂട്ടം എൽ പി സ്കൂളിലും മാങ്കുഴി സ്കൂളിലുമായിരുന്നു സലിംകുമാറിന്റെ പഠനം. പത്താം ക്ലാസ് വരെ പോകാനേ വീട്ടിലെ സാഹചര്യം അനുവദിച്ചുള്ളൂ. പിന്നെ കൂലിപ്പണിക്കുള്ള അലച്ചിൽ ഇതിനിടെയാണ് തൊടുപുഴയിലെ ഒരു പീടികയിൽ ജോലിക്ക് ചേർന്നത്. പതിനഞ്ചോളം പണിക്കാർ ഉണ്ടായിരുന്നു അവിടെ. അതിൽ ഒരാളായ സലിംകുമാർ മാത്രം വഴിത്തല ഭാസ്കരൻ നയിക്കുന്ന എഐടിയുസി യൂണിയനിൽ ചേർന്നത് കട ഉടമക്ക് പിടിച്ചില്ല. യൂണിയൻ പ്രവേശം അറിഞ്ഞയുടനെ പിരിച്ചുവിട്ടു.കടയുടെ മുന്നിൽ ബഞ്ച് ഇട്ട് സലിം കുമാർ സത്യഗ്രഹം ആരംഭിച്ചു.
സത്യാഗ്രഹം തൊടുപുഴയിലെ വ്യാപാരി പ്രമാണിമാരെ വിറളി പിടിപ്പിച്ചു. തൊടുപുഴയിൽ അവർ കട അടയ്ക്കൽ സമരം നടത്തി. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ പല സമ്മർദങ്ങൾ. സലിംകുമാറിനെ നാലാം ക്ലാസിൽ പഠിപ്പിച്ച ചാക്കോ സാർ വീട്ടിലെത്തി ധൈര്യം പകർന്നു. ‘വഴിത്തല ഭാസ്കരൻ തൊഴിലാളികളെ ചതിക്കില്ല’- ആ അധ്യാപകന്റെ വാക്കുകൾ.എല്ലാ ദിവസവും തൊടുപുഴ എസ്ഐ എത്തും. സത്യഗ്രഹം ഇരിക്കുന്ന സലിം കുമാറിനെ ബഞ്ച് തലയിലേറ്റി സ്റ്റേഷനിലേക്ക് നടത്തിക്കും. വഴിത്തല ഭാസ്കരൻ സ്റ്റേഷനിൽ എത്തിയാലുടൻ സലിം കുമാർ ബഞ്ചുമായി വീണ്ടും കടയുടെ മുന്നിലേക്ക്.കോടതി സമരത്തിൽ ഇടപെട്ടു. സമരം ദൂരേക്ക് മാറ്റാൻ ഉത്തരവ്. സഹന സമരം അതോടെ അനിശ്ചിതത്വത്തിലായി. ആക്കാലത്ത് വലിയ തുകയായിരുന്ന 8000 രൂപ നഷ്ട പരിഹാരം വാങ്ങിയെടുത്ത് സമരം അവസാനിപ്പിച്ചു.സലിംകുമാറിന് വീണ്ടും കൂലിപ്പണിയുടെ കാലം. വഴിത്തല ഭാസ്കരൻ വീട്ടിലെത്തി പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോയി. പിന്നെ 10 വർഷം പോസ്റ്റർ ഒട്ടിക്കലും മറ്റുമായി അവിടെ.തീവ്രമായ ജീവിതാനുഭങ്ങൾ ആ പോരാളിയെ വളർത്തി. മുനിസിപ്പൽ ശുചീകരണ തൊഴിലാളികളെ സംഘടിപ്പിക്കലായരുന്നു ആദ്യ ദൗത്യം. ആ തൊഴിലാളികളെ ഹോട്ടലുകളിൽ നിന്നും മറ്റും ആട്ടിയകറ്റിയിരുന്ന കാലം. പിന്നീട് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, എഐറ്റിയുസി വർക്കിംഗ് കമ്മിറ്റി മെമ്പർ. ചെത്ത് തൊഴിലാളി ഫെഡറേഷൻ, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ, ചുമട്ടു തൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നിങ്ങനെ പല പല നേതൃത്വങ്ങൾ. പീരുമേട് ഹൈറേഞ്ച് എസ് റ്റേറ്റ് ലേബർ യൂണിയൻ (എഐടിയുസി) വർക്കിംഗ് പ്രസിഡൻ്റ് – ഔഷധി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു സാധാരണക്കാരന്റെ ഇടയിൽ എപ്പോഴും സലിംകുമാർ ഉണ്ട്.വഴിത്തല ഭാസ്കരന്റെ മകൾ സിന്ധുവിനെ ജീവിത സഖിയാക്കി. രണ്ടു വർഷം മുമ്പ് അർബുദം അവരുടെ ജീവൻ കവർന്നു. വിവാഹത്തിന് തൊട്ടു മുമ്പാണ് രണ്ടു മുറികളുള്ള ഒരു ചെറിയ വീട് സ്വന്തമാക്കിയത്. ഇപ്പോൾ താമസം തൊടുപുഴ ഒളമറ്റത്ത്. ആ വീട് പോലും പാർട്ടിയുടെ സഹായത്താൽ നിർമിച്ചതാണ്. ലക്ഷ്മിപ്രിയയാണ് (സൗത്ത് ഇന്ത്യൻ ബാങ്ക്, മുവാറ്റുപുഴ വെള്ളൂർക്കുന്നം ശാഖ) ഏക മകൾ . മരുമകൻ രോഹിത്ത് (ബിസിനസ് ).






