ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വ്യാഴാഴ്ച അഞ്ച് മണിക്ക് വാഴത്തോപ്പിൽ നിന്നും ആരംഭിച്ച തീർത്ഥാടനം രാത്രി 11 മണിക്ക് തങ്കമണിയിൽ അവസാനിച്ചു. തുടർന്നു രാവിലെ നാലിന് തങ്കമണിയിൽ നിന്നും ആരംഭിച്ച കാൽനട തീർത്ഥാടനം 7.30 ന് വെട്ടിക്കാമറ്റത്ത് എത്തിച്ചേർന്നു. 35 കിലോമീറ്റർ ആണ് മെത്രാൻ വിശ്വാസികളോടൊപ്പം കാൽനടയായി യാത്ര ചെയ്തത്. വെള്ളയാംകുടി, തോപ്രാംകുടി, നെടുംകണ്ടം, രാജകുമാരി എന്നീ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച തീർത്ഥാടനങ്ങൾ രാവിലെ 7.30ന് വെട്ടിക്കാമറ്റം കവലയിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടനത്തിന്റെ ഭാഗമായത്. വെട്ടിക്കമറ്റത്തുനിന്നും ആരംഭിച്ച സംയുക്ത തീർത്ഥാടനം എട്ടിന് മലയടിവാരത്തിൽ എത്തിച്ചേർന്നു.
ഇടുക്കി രൂപതാ വികാരി ജനറാൾമാരായ മോൺ.ജോസ് കരിവേലിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, , ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ . ഫിലിപ്പ് ഐക്കര എന്നിവർ വി. കുർബാനയ്ക്ക് സഹകാർമികരായി. മല കയറിയെത്തിയ മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്തു. ഉച്ചകഴിഞ്ഞും രാത്രിയിലും ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശുമലയിൽ എത്തി പ്രാർത്ഥിച്ചത്. തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് എഴുകുംവയലിൽ ഒരുക്കിയിരുന്നത്.
വലിയ നോമ്പിൽ എഴുകുംവയൽ കുരിശുമല സന്ദർശിച്ച് ഒരുക്കത്തോടെ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. നോമ്പുകാലം തീരുന്നതുവരെയും തീർത്ഥാടകർക്ക് മലകയറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. മോൺ. ജോസ് കരിവേലിക്കൽ, ഫാ.തോമസ് പഞ്ഞിക്കുന്നേൽ, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജോസഫ് ചുനയംമാക്കൽ എന്നിവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.





