Timely news thodupuzha

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരങ്ങളാണെന്നും ഇടതുപക്ഷത്ത് യഥാർഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ആലപ്പുഴയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കേരളത്തിൽ സിപിഎം – ബിജെപി ബന്ധം വ്യക്തമാണെന്നും ഇടത് പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

അവസരവാദ നിലപാടുള്ള നേതാക്കളാണ് ഒരു വിഭാഗം. ബിജെപി എന്നല്ല, ആരുടെ സഹായം നേടിയാലും കുഴപ്പമില്ല എന്നവരാണ് മറ്റൊരു വിഭാഗമെന്നും രാഹുൽ പറഞ്ഞു. ഇടത് പക്ഷത്തിൻറെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കാൻ ഒരു കാരണമുണ്ട്. പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല അത്. അവസരവാദ നിലപാട് കൊണ്ടല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. അടിസ്ഥാനപരമായ മാറ്റം എൽഡിഎഫിന് സംഭവിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. എന്നെ ആക്രമിക്കുന്ന മോദി എന്തു കൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല.

എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല. അയ്യപ്പൻറെ സ്വർണമാണ് ഇവിടെ കവർന്നത്. കേരളത്തിൽ വന്ന് പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെ തന്നെ മറന്നു. ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഇടത് പക്ഷം ബിജെപിക്ക് വെല്ലുവിളി ആവില്ലെന്ന് മോദിക്ക് അറിയാം. കേരളം മയക്കമരുന്നിൻറെ രാജ്യതലസ്ഥാനമായി. കർഷകരും തൊഴിലാളികളും ദുരിതത്തിലാണ്. സംസ്ഥാനത്ത് ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നു. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളടക്കം ആക്രമിക്കപ്പെട്ടു. അക്രമികളുമായി മുഖ്യമന്ത്രിക്ക് ബന്ധം ഉണ്ടെന്നും രാഹുൽ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *