കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എം.എ കോളേജിൽ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ജീപ്പിൽ കയറ്റി പൂയംകൂട്ടി ആറിലെ ബ്ലാവനയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മറുകരയിലേക്ക് കൊണ്ടുപോയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകൾ കുട്ടംപുഴ പഞ്ചായത്തിലാണ്. വനമധ്യത്തിലുളള വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപാറ, താളുംകണ്ടം എന്നീ ഉന്നതികളാണ് വിദൂര ബൂത്തുകൾ. ഇതിൽ വാരിയം ഉന്നതിയാണ് ഏറ്റവും ഉൾഭാഗത്തുള്ള ബൂത്ത്. ഇവിടെ 82 വോട്ടർമാരാണുള്ളത്. കുഞ്ചിപ്പാറ 210, തലവച്ചപാറ 387, തേര 54, താളുംകണ്ടം 113 എന്നിങ്ങനെ യാണ് വോട്ടർമാരുടെ എണ്ണം. വന്യജീവികളുള്ള വനപാതയിലൂടെ ദുർഘട പാതകളും തോടുകളും കടന്ന് വേണം വന്യമൃഗശല്യവുമുള്ള ഈ ബൂത്തുകളിലേക്ക് എത്തുവാൻ. പോളിംഗ് ഉദ്യോഗസ്ഥർക്ക് എന്നും ഒരു വലിയ വെല്ലുവിളി തന്നെയാണ്. മുമ്പും പല പ്രാവശ്യം തെരഞ്ഞെടുപ്പ് ജോലികൾക്ക് പോയിട്ടുണ്ടെങ്കിലും ഇതുപോലുള്ള വിദൂര ബൂത്തിൽ ഡ്യൂട്ടി ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് പ്രിസൈഡിങ്ങ് ഓഫീസർ അജു ശിവൻ പറഞ്ഞു.
എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമഗ്രികൾ എത്തിച്ചു






