Timely news thodupuzha

മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും; കെ.സി വേണുഗോപാൽ

ന്യൂഡൽഹി: യുഡിഎഫിൻറെ മുഖ്യമന്ത്രി ആരായിരിക്കുമെന്നത് പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ടതില്ലെന്നും, അക്കാര്യം കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സോഷ്യൽ മീഡിയയിലെ ചർച്ചകളോ അതിലെ നെഗറ്റീവോ പോസിറ്റീവോ ഒന്നും കാര്യമായെടുക്കുന്നില്ല.

മേയ് നാലിന് ഫലം വരുമ്പോൾ ജനം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുവരെ കാത്തിരിക്കൂ എന്നാണ് എല്ലാവരോടും പറയാനുള്ളത്. മണ്ഡലപുനർനിർണയം പോലെ രാജ്യത്തെ ജനാധിപത്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നം നിലനിൽക്കുമ്പോൾ ഇത്തരം മുഖ്യമന്ത്രിസ്ഥാനം പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് അതിൻറേതായ നേതൃത്വവും വ്യവസ്ഥാപിതമായ രീതികളുമുണ്ട്. നേതാക്കൾ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. എല്ലാവർക്കും അവരുടേതായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരൻ മുതിർന്ന നേതാവാണ്. പൊതുവായ കാര്യങ്ങളാണ് സുധാകരൻ പറഞ്ഞത്. എങ്കിലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് തൻറെ അഭിപ്രായം. തന്നെക്കുറിച്ചും ചില മാധ്യമങ്ങൾ ചർച്ച നടത്തിയല്ലോ. താൻ വട്ടപ്പൂജ്യമാണെന്നാണ് ചിലർ പറഞ്ഞത്. പത്ത് കൊല്ലമായി താൻ ഇത് കേട്ടുകൊണ്ടിരിക്കുന്നതാണ്.

തെരഞ്ഞെടുപ്പിൻറെ ഫലം വരുന്നതു വരെ കാത്തിരിക്കൂ എന്നാണ് അവരോടും പറയാനുള്ളത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ്. ആ ഒരുമ അവിടെത്തന്നെയുണ്ടാകും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിൽ വലിയ ഉരുൾപൊട്ടലും കലാപവും ഉണ്ടാകുമെന്നാണല്ലോ പലരും പറഞ്ഞുകൊണ്ടിരുന്നത്? എന്നിട്ടും എല്ലാം സുഗമമായി നടന്നില്ലേ? ഇനിയും എല്ലാം സുഗമമായിത്തന്നെ മുന്നോട്ടു പോകുമെന്നും കെ.സി. വേണഗോപാൽ അവകാശപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *