Timely news thodupuzha

തൃശൂരിലെ പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര‍യിലെ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് മുഖേനയാണ് ധനസഹായം നൽകുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര‍്യം അറിയിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.

​തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളിൽ ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.

​നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

​സ്നേഹപൂർവ്വം,

രാധിക സുരേഷ് ഗോപി

മാനേജിങ് ട്രസ്റ്റി,

ലക്ഷ്മി സുരേഷ് ഗോപി M.P’s Initiative Trust.

Leave a Comment

Your email address will not be published. Required fields are marked *