ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിച്ചുവെന്ന് ആരോപിച്ച് തെലുങ്കു നടിയും ബിഗ്ബോസ് താരവുമായ വെങ്കട അശ്വിനി റെഡ്ഡി കൊയ്യക്കും (ആശു റെഡ്ഡി) കുടുംബത്തിനുമെതിരേ പരാതി. ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വൈ.വി. ധർമേന്ദ്രയുടെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. പരാതി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് സെൻട്രൽ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2018ൽ തൻറെ മകൻ ഇന്ത്യയിലായിരുന്ന സമയത്താണ് മറ്റു സുഹൃത്തുക്കൾ വഴി യുവതിയുമായി പരിചയപ്പെട്ടതെന്നും യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമകളിൽ അഭിനയിക്കുകയാണ് താനെന്നാണ് ആഷു സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
കണ്ട്മുട്ടി രണ്ടു മാസങ്ങൾക്കുള്ളിൽ നടി മകനോട് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. വിവാഹമോചിതയാകുന്നതിനുള്ള കോടതി നടപടികൾ തുടരുകയാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു. യുവാവ് വിവാഹവാഗ്ദാനം സ്വീകരിച്ചതിനു പിന്നാലെയാണ് എച്ച്1ബി വിസയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉള്ളതായി നടി വെളിപ്പെടുത്തിയത്. വിദ്യാഭ്യാസത്തിനു വേണ്ടി എടുത്ത വായ്പ മുടങ്ങിക്കിടക്കുകയാണെന്നും പിതാവ് സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും അതു കൊണ്ട് പണം നൽകി സഹായിക്കണമെന്നും നടി ആവശ്യപ്പെട്ടു.
2020 ജൂലായിൽ വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ഇരുകുടുംബങ്ങളും തമ്മിൽ സംസാരിക്കണം എന്ന് തൻറെ മകൻ ആവശ്യപ്പെട്ടപ്പോൾ നടി വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. താൻ നൽകിയ പണവും സ്വർണവും തിരിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും നടി അവഗണിച്ചുവെന്നും പരാതിയിലുണ്ട്. പിന്നീട് നടത്തിയ ചർച്ചയിൽ 70 ലക്ഷം തിരിച്ചു നൽകാമെന്ന് നടി സമ്മതിച്ചിരുന്നു.
ഇതുപ്രകാരം ബ്ലാങ്ക് ചെക്ക് നൽകിയെങ്കിലും പിന്നീട് നടി തന്നെ അതു നശിപ്പിച്ചു. പ്രണയം തകർന്നതിൽ പിന്നെ അവർ കടുത്ത വിഷാദത്തിലൂടെ കടന്നു പോകുകയാണെന്ന് തൻറെ മകനെ നടിയുടെ കുടുംബാംഗങ്ങൾ വിശ്വസിപ്പിച്ചുവെന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ച് മകൻ വീണ്ടും നടിയുമായി അടുപ്പത്തിലായെന്നും പിതാവ് ആരോപിക്കുന്നു. 2020 മുതൽ 2025 വരെ നടിയുടെ കുടുംബം വിവാഹവാഗ്ദാനത്തിൽ ഉറച്ചു നിന്നു. ആ സമയത്തും നടി തൻറെ മകൻറെ കൈയിൽ നിന്ന് വലിയ തോതിൽ പണവും സ്വർണവും വാഹനങ്ങളും സ്വന്തമാക്കിയിരുന്നു.
2025ൽ ജൂലൈയിൽ നടി വീണ്ടും വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി. മകനെതിരേ വ്യാജ പരാതികൾ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തൻറെ മകൻ ധനനഷ്ടവും നിരാശയും മൂലം വലിയ മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചിരിക്കുന്നതെന്നും പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ ചൽ മോഹൻ രംഗ എന്ന ചിത്രത്തിലൂടെയാണ് ആഷു റെഡ്ഡി സിനിമയിലെത്തിയത്. നടി സാമന്തയുമായുള്ള സാമ്യം മൂലം ജൂനിയർ സാമന്ത എന്നും അറിയപ്പെടാറുണ്ട്.






