ഇടുക്കി: കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം ആണെന്ന് കണ്ടെത്തൽ. ആനയിറങ്കൽ ശങ്കര പാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തിയെ(36) ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് 2:00 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.

പുറത്തു പോയിരുന്ന ഭർത്താവ് തിരികെ എത്തിയപ്പോൾ അബോധാവസ്ഥയിൽ കാണപ്പെട്ട ശാന്തിയെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. യുവതിക്ക് ജീവിതശൈലി രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മരണത്തിൽ ആർക്കും സംശയം ഉണ്ടായില്ല. മരണത്തിൽ സംശയം തോന്നിയ ശാന്തൻപാറ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
പോലീസ് സർജൻ നൽകിയ സുപ്രധാന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയ പോലീസ് ശാന്തിയുടെ മരണം കൊലപാതകം ആണെന്ന് സ്ഥിരീകരിക്കുകയും കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവായ ആനയിറങ്കൽ എസ്റ്റേറ്റ് ലെയ്നിൽ രാമകൃഷ്ണനെ(50) അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു, മൂന്നാർ ഡി.വൈ.എസ്.പി ചന്ദ്രകുമാർ എന്നിവരുടെ നിർദ്ദേശാനുസരണം ശാന്തൻപാറ ഇൻസ്പെക്ടർ എസ് ശരത് ലാൽലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ഹാഷിം കെ.എച്ച്, ഗ്രേഡ് എസ്.ഐ സാബു കെ.ടി, സിവിൽ പോലീസ് ഓഫീസർമാരായ വി ജയകൃഷ്ണൻ, വി അശോകൻ, ജിജിമോൾ പി ജോർജ് എന്നിവരും കേസിൽ പങ്കാളികളായി.





