Timely news thodupuzha

കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വാഹനത്തിനകത്ത് നിന്നും പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ നിന്നും പെട്രോളിയം ഉത്പന്നത്തിന്‍റെ സാന്നിധ‍്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തിയത്. പെട്രോൾ ക‍്യാനിന്‍റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. സോനയുടേത് ആസൂത്രിത കൊലപാതകമാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ‌ കൃത‍്യമായ പൊലീസ് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ‍്യപ്പെട്ടിരുന്നു. ചെറുവണ്ണൂരിൽ വച്ച് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കക്കറമുക്ക് സ്വദേശി റിജിൻ ലാലും ഭാര്യ സോനയും സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിന് തീപിടിച്ചതോടെ റിജിൻ പുറത്തിറങ്ങിയെങ്കിലും സോന പിൻസീറ്റിൽ കുടുങ്ങുകയായിരുന്നു. കാറിന്‍റെ തീ പൂർണമായി അണച്ചപ്പോഴാണ് ഭാര്യ പിൻസീറ്റിലുണ്ടെന്ന വിവരം റിജിൻ നാട്ടുകാരോട് പറയുന്നത്. ആറ് മാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 60 ശതമാനം പൊള്ളലേറ്റ് റിജിൻ ചികിത്സയിലാണ്. മൂന്ന് വർഷം മുൻപാണ് റിജിനും സോനയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. വിദേശത്തായിരുന്ന റിജിൻ ലാൽ ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *