ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ. തിങ്കളാഴ്ച മുതൽ പുനർമൂല്യനിർണയത്തിനുള്ള വിദ്യാർഥികളുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നായിരുന്നു സിബിഎസ്ഇ അറിയിച്ചിരുന്നത്. എന്നാൽ ഇതനുസരിച്ച് അപേക്ഷ നൽകാനായി ശ്രമിച്ചപ്പോൾ പോർട്ടൽ തുറക്കാൻ കഴിയുന്നില്ല എന്നാണ് കുട്ടികളുടെ പരാതി. മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത പകർപ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാർഥികൾ സാങ്കേതിക തകരാർ നേരിട്ടത്. 17.68 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. അതിൽ നാലു ലക്ഷത്തിലേറെപ്പേർ ഉത്തരക്കടലാസിൻറെ പകർപ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. പുനർമൂല്യനിർണയം നടത്താൻ കൂട്ടത്തോടെ അപേക്ഷ വന്നാൽ പോർട്ടലിന് തകരാറുണ്ടാവുമോ എന്ന ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം.
സി.ബി.എസ്.ഇ പ്ലസ് റ്റൂ പരീക്ഷ; പുനർമൂല്യനിർണയത്തിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ






