Timely news thodupuzha

സാമ്പത്തുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടെന്ന് വച്ചാൽ പ്രിയദർശിനി പദ്ധതി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്ന് വയ്ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തിക ശേഷയുള്ളവർ ടിക്കറ്റെടുത്ത് യാത്ര ചെയ്യണമെന്നും അർഹതപ്പെട്ടവർക്ക് മാത്രം ആനുകൂല്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിട്ടുകൊടുക്കൽ മനോഭാവം ഉണ്ടാകുമ്പോഴാണ് പദ്ധതി അതിൻറെ പൂർണ അർഥത്തിൽ വിജയിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പാചക വാതക സബ്സിഡി ഉപേക്ഷിക്കാനുള്ള ഗിവ് അപ്പ് പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു നിർധനയായ സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തിക ഭദ്രതയുള്ള സ്ത്രീ യാത്രക്കാർ തീരുമാനിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കെഎസ്ആർടിസിയുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ടത് ഈ സംവിധാനത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ‌ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. സി.പി. ജോണിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരും മുഖ്യമന്ത്രിയും ചേർന്ന് ഇതിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്ലാൻ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന നന്മക്കായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറ്റിവച്ച് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *