ജറുസലേം: വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെ തെക്കൻ ലബനനിലാണ് ആക്രമണം ഉണ്ടായത്. ഇസ്രയേൽ പോർവിമാനങ്ങളും ഡ്രോണുകളുമാണ് ആക്രമണം അഴിച്ചുവിട്ടത്. പുലർച്ചെ നബാതെ മേഖലയിൽ തുടർച്ചയായ ആക്രമണം നടത്തുകയായിരുന്നു. പാർപ്പിട സമുച്ചയങ്ങൾക്കും വീടുകൾക്കും നേരെയാണ് ആക്രമണം നടന്നത്. വ്യോമാക്രമണത്തിനു മുമ്പ് ഇസ്രയേൽ കരസേനയും വെടിവെപ്പ് നടത്തിയിരുന്നു.
ഇസ്രയേൽ ആക്രമണം നടത്തിയ വിവരം ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎയാണ് പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിനു സമ്മതിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ഇസ്രായേൽ ഇക്കാര്യം ലംഘിക്കുകയായിരുന്നു. വെടിനിർത്തലിനു ഇസ്രായേലും ഹിസ്ബുള്ളയും സമ്മതിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ലെബനൻ മുഴുവൻ കത്തിക്കണമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇതാമർ ബെൻ-ഗ്വിർ ആഹ്വാനം ചെയ്തിരുന്നു.
ലെബനനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് ഉന്നയിച്ച് ഇറാൻ സമാധാന ചർച്ചയിൽനിന്ന് പിൻമാറിയിരുന്നു. ഇതേത്തുടർന്ന് അന്തിമ കരാർ യാഥാർഥ്യമാക്കാൻ വെള്ളിയാഴ്ച സ്വിറ്റ്‌സർലാൻഡിൽ നടത്താനിരുന്ന ആദ്യഘട്ട ചർച്ചയും റദ്ദാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരുന്നു ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്നു. ഇറാൻ പിൻമാറിയതിനെ തുടർന്ന് വാൻസ് സ്വിറ്റ്‌സർലാൻഡിലേക്കുള്ള യാത്രയും റദ്ദാക്കി. ഇതോടെ കരാർ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.






