Timely news thodupuzha

സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയ്ക്ക് എബോളയല്ല; പരിശോധനാ ഫലം നെഗറ്റീവ്‌

കോട്ടയം: സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ്. എബോള ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവരെ ഡിസ്ചാർജ് ചെയ്തു. പുനെയിലെ ലാബിൽ നടത്തിയ പരിശോധനഫലമാണ് നെഗറ്റീവായത്. സൗത്ത് സുഡാനിൽനിന്ന് ഉഗാണ്ട വഴിയാണ് 52കാരിയായ സ്ത്രീ എത്തിയത്. കേരളത്തിൽ എത്തിയതിനു പിന്നാലെ കടുത്ത ഛർദിയും മറ്റു ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എബോള ബാധയെത്തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിരവധിപേർ മരിച്ചിരുന്നു. ഇതേത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സ്ത്രീയുടെ കാര്യത്തിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയാണ് പുലർത്തിയിരുന്നത്. രോഗബാധിതരുടെ രക്തം, വിസർജ്യം, സ്രവങ്ങൾ തുടങ്ങിയവയിലൂടെ എബോള പകരും. കുരങ്ങുകൾ, പന്നി തുടങ്ങിയ മൃഗങ്ങളിലും എബോള കാണപ്പെടുന്നുണ്ട്. അതിനാൽ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ എബോള വൈറസ് മനുഷ്യരിലേക്ക് എത്തും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടു ദിവസം കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ കാണിക്കും. പനി, തലവേദന, തൊണ്ടവേദന, പേശിവേദന, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലരിൽ കടുത്ത രക്തസ്രാവവും തുടർന്ന് ആന്തരികാവയവങ്ങൾ തകരാറിലാവുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *