Timely news thodupuzha

വ്യക്തികൾ വ്യത്യസ്തരാകുന്നത് വായനയിലൂടെ: മന്ത്രി അനൂപ് ജേക്കബ്

തൊടുപുഴ: വായനയും വിജ്ഞാനവുമാണ് മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്നും മനുഷ്യരെ വ്യത്യസ്തരാക്കുന്നതെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. വായന മാസാചരണത്തിന്റെ ജില്ലാതല സമാപനം തൊടുപുഴ ന്യൂമാൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ വായനശാലകളെ ശക്തിപ്പെടുത്തുകയും അതുവഴി സമ്പൂർണ സാക്ഷരതയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്ത പി.എൻ പണിക്കരുടെ സംഭാവനകൾ രാജ്യം മുഴുവൻ തിരിച്ചറിഞ്ഞ് ആദരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. എം.എൽ.എ ഫണ്ടിൽ നിന്ന് ലൈബ്രറികൾക്ക് പുസ്തകം വാങ്ങാനുള്ള തുക ചെലവഴിക്കുമ്പോഴാണ് ഏറ്റവുമധികം സംതൃപ്തി ലഭിക്കാറുള്ളത്. അത് കാലാതിവർത്തികളായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുകയും വായന കഴിഞ്ഞ് എക്കാലവും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യാവുന്ന അമൂല്യമായ ശേഖരമാണ് പുസ്തകങ്ങളെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. പൊതുചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്ക് മെമന്റോയും ഫലകങ്ങളും നൽകുന്ന ശീലം ഉപേക്ഷിച്ച് പുസ്തകങ്ങൾ സമ്മാനമായി നൽകാൻ സംഘാടകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ സ്വയം വായിക്കാനും വായനയ്ക്ക് ശേഷം ലൈബ്രറികൾക്ക് കൈമാറാനും കഴിയും. വായന മാസാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം ചീഫ് വിപ്പ് നിർവഹിച്ചു.

പി.എൻ പണിക്കർ ഫൗണ്ടേഷൻ ഇടുക്കി ജില്ലാ വൈസ് ചെയർമാൻ ജോസ് വഴുതനപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ.ആർ പ്രസാദ്, കോളജ് പ്രിൻസിപ്പൽ പ്രൊഫ. ജന്നി കെ. അലക്‌സ്, ഫാ. ബെൻസൺ എൻ. ആന്റണി, ലൈബ്രേറിയൻ ലിസ് ജേക്കബ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി ലാലു ചകനാൽ, സെക്രട്ടറി നൈസി തോമസ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് വായന മാസാചരണം സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *