ഗാങ്ടോക്: സിക്കിമിൽ നിർമാണം പുരോഗമിക്കുകയായിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ എട്ട് തൊഴിലാളികൾ മരിച്ചു. ഒരു മലയാളി അടക്കം 27 പേരെ കാണാതായി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനിൽ ജിയോളജി വിഭാഗം സീനിയർ മാനേജറായ കോട്ടയം സ്വദേശി അനീഷ് മോഹനാണ് കാണാതായ മലയാളി. നാംചി ജില്ലയിലെ സമർദുംഗിലാണ് സംഭവം. തീസ്ത സ്റ്റേജ് ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് അപകടം ഉണ്ടായത്. മണ്ണിടിച്ചിനെ തുടർന്ന് തുരങ്കത്തിൻറെ പ്രവേശനകവാടം പൂർണമായി അടഞ്ഞനിലയിലാണ്. അപകടത്തെ തുടർന്ന് തുരങ്കത്തിനകത്ത് വിഷവാതകമായ മീഥെയ്ൻ ഗ്യാസ് ചോർന്നു. അതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്.
27 പേർ തുരങ്കത്തിനകത്ത് കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനകത്ത് കടക്കാൻ ശ്രമിച്ച രക്ഷാപ്രവർത്തകരിൽ പലർക്കും തലകറക്കം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിക്കിം പൊലീസ്, അഗ്നിരക്ഷാസേന എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ വിവിധ ആശുപത്രി മോർച്ചറികളിലേക്ക് മാറ്റി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനു വേണ്ടി പട്ടേൽ എൻജിനീയറിങ് എന്ന സ്വകാര്യ കമ്പനിയാണ് തുരങ്കത്തിന്റെ നിർമാണം നടത്തുന്നത്. സിക്കിം സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.





