
ഇടുക്കി: ഉദ്ഘാടന ചടങ്ങുകളോ ഫ്ലാഗ് ഓഫ് പരിപാടികളോ ഇല്ലാതെ ചെറുതോണിയിലെ പുതിയ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു. പുതിയ ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ച ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് വൈകിട്ട് നാല് മണിക്ക് അടിമാലിയിലേക്കുള്ള ആദ്യ സർവീസ് യാത്ര തിരിച്ചതോടെയാണ് പ്രവർത്തനത്തിന് ഔദ്യോഗിക തുടക്കമായത്.മുൻ ഭരണസമിതിയുടെ കാലത്താണ് പുതിയ ബസ് സ്റ്റാൻഡിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ മന്ത്രി റോഷി അഗസ്റ്റിന് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. പിന്നീട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തുകയും തിരഞ്ഞെടുപ്പ് അടുത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ ബസ് ഓപ്പറേഷൻ ആരംഭിക്കാൻ ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡ് കെട്ടിടം കൈമാറാൻ കഴിയാത്ത അവസ്ഥയുണ്ടായി.തുടർന്ന് പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന് താൽക്കാലികമായി ടിൻഷീറ്റും ആസ്ബെസ്റ്റോസ് മേൽക്കൂരയും ഉപയോഗിച്ച് ഓപ്പറേറ്റിങ് സെന്റർ നിർമ്മിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് വ്യാപക ചർച്ചയായിരുന്നു.ഇതിനിടെ ബസ് സ്റ്റാൻഡ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ ഒന്നിലധികം ഉദ്ഘാടനങ്ങൾ നടന്നതിനാൽ, ഇത്തവണ ആദ്യ സർവീസ് പുറപ്പെട്ടപ്പോൾ ഫ്ലാഗ് ഓഫ് ചെയ്യാൻ ജനപ്രതിനിധികളോ മറ്റ് വിശിഷ്ടാതിഥികളോ എത്തിയിരുന്നില്ല.ഇതിനിടെ എംഎൽഎ റോയി കെ. പൗലോസ് അടുത്തിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഉദ്ഘാടന മാമാങ്കങ്ങളിൽ തനിക്ക് താൽപര്യമില്ല. ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ യാഥാർഥ്യമാക്കുകയാണ് പ്രധാനം. അതിനായിരിക്കും തന്റെ ശ്രമം എന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് ആദ്യ സർവീസ് ആരംഭിച്ചത്.ബൈറ്റ് ( ജീവനക്കാരൻ)നിലവിൽ 29 ജീവനക്കാരാണ് ഓപ്പറേറ്റിങ് സെന്ററിൽ സേവനമനുഷ്ഠിക്കുന്നത്. ഓപ്പറേറ്റിങ് സെന്ററിന് മുന്നിൽ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ യാത്രികർക്ക് വിശ്രമിക്കാനുള്ള മേൽക്കൂരയോടുകൂടിയ കാത്തിരിപ്പ് ഷെൽട്ടർ നിർമ്മിക്കുകയും ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്പോൺസർമാരുടെ സഹായത്തോടെ ഒരുക്കുകയും ചെയ്താൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി സേവനം ലഭ്യമാക്കാനാകുമെന്ന് ജീവനക്കാർ അഭിപ്രായപ്പെട്ടു.






