Timely news thodupuzha

യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യയുടെ മിസൈൽ ആക്രമണം

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കീവിലെ സൊലോമിയാൻസ്കി ജില്ലയിൽ അഞ്ച് നിലകളുള്ള ഒരു പാർപ്പിടസമുച്ചയത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി. ഡാർനിറ്റ്സ്കി ജില്ലയിൽ ആക്രമണത്തെ തുടർന്ന് വീടുകൾക്കും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീപിടിക്കുകയും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു.

നഗരത്തിലെ മറ്റ് രണ്ട് ജില്ലകളിലും വാണിജ്യ – പാർപ്പിട സമുച്ചയങ്ങൾക്ക് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിനിടെ റഷ്യയുടെ തുടർച്ചയായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്ന് യുക്രെയ്ൻ‌ പ്രസിഡൻറ് വ്ലാഡിമിർ സെലെൻസ്കി അമെരിക്കയോടും പാശ്ചാത്യ സഖ്യരാജ്യങ്ങളോടും വീണ്ടും ആവശ്യപ്പെട്ടു. അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ആവശ്യകത ചർച്ച ചെയ്തതായി സെലെൻസ്കി അറിയിച്ചു.

അതേസമയം യുക്രെയ്ന് പാട്രിയറ്റ് സംവിധാനം നിർമിക്കാൻ ലൈസൻസ് നൽകുന്നതിനെ കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അമെരിക്ക വ്യക്തമാക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *