Timely news thodupuzha

സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിങ്കളാഴ്ച 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച യെലോ അലർട്ടാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ​ഗുരുതരമാണ്. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂർ, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നതോടെ വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. നിരവധി വീടുകളിൽ ഇതിനോടകം വെള്ളം കയറി കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്ന് 10 മത്സ്യബന്ധന വള്ളങ്ങളും 40 തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ആറന്മുളയിൽ പല വീടുകളും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. 2018 ലെ മഹാപ്രളയത്തിന് സമാനമായ രീതിയിലാണ് വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികൾ ആശങ്ക പങ്കുവയ്ക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *