തൊടുപുഴ: മഴ കുറഞ്ഞിട്ടും തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും വെള്ളമിറങ്ങാത്ത സാഹചര്യത്തിൽ, തൊടുപുഴയിലെയും മലങ്കരയുടെ വഷ്ടിപ്രദേശത്തെയും അനുബന്ധ തോടുകളിലെയും മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്യൂ വാരിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
തൊടുപുഴയുടെ സമീപകാല ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് നാട്ടുകാര് പറയുന്നു. സാധാരണഗതിയിൽ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു ദിവസത്തിനുള്ളിലോ വെള്ളം ഇറങ്ങിപ്പോകാറുള്ളതാണ്. എന്നാൽ ഇത്തവണ മഴ മാറിയിട്ടും വെള്ളം ഇറങ്ങുന്നത് വളരെ സാവധാനത്തിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് അപ്രതീക്ഷിതമായി വെളുപ്പിന് വെള്ളം കയറിയതിനാൽ ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനോ സാധനങ്ങൾ മാറ്റാനോ കഴിഞ്ഞില്ല.
ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി വളർത്തുമൃഗങ്ങൾ ചത്തുപോവുകയും ചെയ്തു. വ്യാപാരികൾക്കാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നത്. ഈ വിഷയം മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിക്കണമെന്നും ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മലങ്കരയിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നു നിൽക്കുന്നതാണ് വെള്ളം പെട്ടെന്ന് ഇറങ്ങിപ്പോകാൻ പ്രധാന തടസ്സമാകുന്നത്. ആറിന്റെയും തോടുകളുടെയും അടിത്തട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിരിക്കുകയാണ്. കൂടാതെ ഇരുവശങ്ങളിലും മരങ്ങൾ വളർന്നു നിൽക്കുന്നു ഇത് കൂടാതെ ആറിന്റെ ഇരു കരകളിലും പ്രകൃതി വിരുദ്ധർ ആറു കൈയ്യേറി വിടുകളും, കച്ചവടസ്ഥാപനങ്ങളും നടത്തുന്നത് കൊണ്ടാണ് വീതി കുറയുന്നത്. ഇവരെയും നീക്കം ചെയ്യുകയും, അത് പോലെ ആറ്റിലെ മണലും, ചെളിയും നീക്കിയില്ലെങ്കിൽ, ആഴം വർദ്ധിപ്പിച്ചില്ലെങ്കിൽ ഇനിയും സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാം. തോടുകൾ വൃത്തിയാക്കിയപ്പോൾ വെള്ളപ്പൊക്കം ഒഴിവായിരുന്നുവെങ്കിലും വീണ്ടും മണ്ണും ചെളിയും അടിഞ്ഞുകൂടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
നദികളുടെയും തോടുകളുടെയും ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ തൊടുപുഴ എം.ൽ.എയോടും ജലവിഭവ വകുപ്പ് മന്ത്രിയോടുംഅറിയിച്ചിട്ടുള്ളതാണ്. മൂലമറ്റം മുതൽ മലങ്കര അതിർത്തി വരെയുള്ള ഭാഗത്തെ ആറും തോടുകളും പൂർണ്ണമായും വൃത്തിയാക്കുകയാണെങ്കിൽ ഏകദേശം 200 കോടി രൂപയുടെ കല്ലും മണ്ണും സർക്കാരിന് ലഭിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു..
ജനങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം സർക്കാരിന് സാമ്പത്തിക ലാഭവും ഉണ്ടാക്കാൻ ഈ നടപടിയിലൂടെ സാധിക്കും. രാഷ്ട്രീയ വിവാദങ്ങളെ ഭയക്കാതെ, ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നദികളുടെ ആഴം കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
യോഗത്തിൽ മണ്ഡലം സെകട്ടറി നെവിൻ പട്ടാം കുളം, കർഷക യുണിയൻ മണ്ഡലം പ്രസിഡന്റ് ജോസ് ഒട്ടയ്ക്കൽ, തോമസ് വട്ടപ്പാറ, ബോബി കല്ലിടുക്കിൽ, കർഷക അവാർഡ്ജേതാവ് ആന്റണി പള്ളത്ത് എന്നിവരും പ്രസംഗിച്ചു.






