Timely news thodupuzha

30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ഇടുക്കി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

ഇടുക്കി: 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയത്. അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂർ, കാഞ്ചിയാർ, കൊക്കയാർ, വണ്ടൻമേട്, കൊന്നത്തടി, ഇരട്ടയാർ, കുമളി, ഉടുമ്പൻചോല, ഇടവെട്ടി, അയ്യപ്പൻകോവിൽ, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുമാരമംഗലം, ബൈസൺവാലി, ഉടുമ്പന്നൂർ, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളുടെയും തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകളുടെയും കട്ടപ്പന നഗരസഭയുടെയും പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്.

മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ പ്രതിരോധിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണസജ്ജമായിരിക്കണമെന്ന് നിർദേശം നൽകി. ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവർക്കായി തദ്ദേശ സ്ഥാപനങ്ങൾ വാടക വീട് ക്രമീകരിക്കണം. തനത് വരുമാനം വർധിപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയ്ക്ക് വലിയ സാധ്യതയാണുള്ളത്. തനത് വരുമാനം വർധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ തയാറാക്കാൻ കഴിയും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളുകളുടെ പരിശോധന കർശനമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. തൊഴിലാളികളെ ഇവിടെയെത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയാറാക്കി വരികയാണ്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണം.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *