ഇടുക്കി: ലഹരി കടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവരോട് യാതൊരു വിധത്തിലുള്ള ഒത്തുതീർപ്പും നിയമ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. വിമുക്തി ജില്ലാതല ജനകീയ സമിതിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി കടത്ത് സംബന്ധിച്ച അന്വേഷണം ഉറവിടങ്ങളിലേക്ക് എത്തണമെന്നും കളക്ടർ പറഞ്ഞു. ലഹരി കടത്തിനെക്കുറിച്ചുള്ള വിവരം കൈമാറുന്നവരുടെ വിവരങ്ങൾ ചോരാതെ നോക്കാൻ പൊലീസിനും എക്‌സൈസിനും ബാധ്യതയുണ്ട്. വിവരം നൽകുന്നവർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളുണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കളക്ടർ നിർദേശിച്ചു.

പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് ഓണത്തിന് മുമ്പ് ലഹരി പരിശോധന കർശനമാക്കാൻ യോഗം തീരുമാനിച്ചു. തമിഴ്‌നാട് പൊലീസ്, തമിഴ്‌നാട് പ്രൊഹിബിഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിങ് എന്നിവയുമായി ചേർന്ന് അതിർത്തികളിൽ പരിശോധന ശക്തമാക്കും. ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം കർശനമാക്കും. വിമുക്തി ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ജനകീയ സമിതികളെ കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയ്, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ പ്രിൻസ് ബാബു, ജനകീയ സമിതി അംഗങ്ങളായ അഡ്വ. കെ.വി സെൽവം, ഷാഹുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.





